ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Wednesday, August 23, 2006

പ്രവാസിയുടെ കണ്ണീര്‍.

പ്രവാസികളെ വിശേഷിച്ചും ഗള്‍ഫ്‌ മലയാളികളെ നേരിട്ടു ബാധിക്കുന്ന ഒരു വിഷയം ചര്‍ച്ചാവേദിയില്‍ അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങള്‍. വിചാരിച്ചതുപോലെ തന്നെ ഗള്‍ഫ്‌ മലയാളിയ്ക്കു മാത്രം മനസ്സിലാകുന്ന ഈ പ്രശ്നത്തെക്കുറിച്ച്‌ നാട്ടിലുള്ള പലര്‍ക്കും തെറ്റായ ധാരണകളാണുള്ളതെന്നതിന്‌ ഒന്നാന്തരം ഉദാഹരണമാണ്‌ "ഡെസ്പറേറ്റിന്റെ" തലതിരിഞ്ഞ ചിന്തകള്‍. അഡ്വ:തമ്പാന്‍ യുക്തമായ മറുപടി നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നില്ല.

ഗള്‍ഫിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ പലര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ ചെറിയൊരു വിവരണം അസ്ഥാനത്താവില്ല എന്നു കരുതുന്നു."ഗള്‍ഫുകാരനെക്കുറിച്ച്‌" പണ്ടുമുതലേ നമ്മുടെ മനസ്സില്‍ കൊത്തിവച്ച ഒരു ചിത്രമുണ്ട്‌. അത്തറും പൂശി, ഫോറിന്‍ സിഗററ്റുമൊക്കെ വലിച്ച്‌ പത്രാസില്‍ ലോഹ്യം ചോദിച്ച്‌ വരുന്ന ഒരു പുത്തന്‍പണക്കാരന്റെ രൂപം. നാട്ടിലെ സാധാരണക്കാര്‍ അസൂയയോടെ മാത്രം നോക്കിയിരുന്ന ഒരു കാലം. ഗള്‍ഫുകാരനോട്‌ ആരും ജോലിയെന്തെന്ന്‌ ചോദിക്കാറില്ല. ചോദിച്ചാല്‍ തന്നെ മറുപടി ഒന്നുകില്‍ കമ്പനിയില്‍ അല്ലെങ്കില്‍ ബിസിനസ്‌ എന്നായിരിയ്ക്കും. (അവന്‍ വെള്ളം പോലെ ചിലവാക്കുന്ന ഓരോ ചില്ലിനാണയത്തിലും അവന്റെ വിയര്‍പ്പും കണ്ണീരും പറ്റിയിരിപ്പുണ്ടെന്ന്‌ ആരറിയുന്നു?) ചെറുപ്പത്തില്‍ എന്റെയും ധാരണകള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. ഞാനൊരു "ഗള്‍ഫുകാരന്‍" ആയപ്പോഴാണ്‌ നാട്ടിലെ പത്രാസുകാരന്‍ ഗള്‍ഫ്‌കാരന്റെ യഥാര്‍ത്ഥ അവസ്ഥ കണ്ടറിയുന്നത്‌!

ഗള്‍ഫില്‍ ഉദ്ദേശം 15 ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. (ഈ കണക്കില്‍ പെടാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ട്‌). ഇതില്‍ 80 ശതമാനത്തിലധികവും താഴ്‌ന്ന വരുമാനക്കാരായ ലേബര്‍ ജോലിക്കാരാണ്‌.
നാട്ടില്‍ വിസയ്ക്കു കാശു കൊടുക്കുമ്പോള്‍ മുതല്‍ ഇവരുടെ മേല്‍ ചൂഷണം ആരംഭിയ്ക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റിയില്‍ ക്ലീനിംഗ്‌ ജോലിയ്ക്കായി ഇയ്യിടെ പത്തോളം മലയാളി ചെറുപ്പക്കാര്‍ എത്തി. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയാണ്‌ ഏജന്റ്‌ ഈടാക്കിയത്‌. മാസം ചുരുങ്ങിയത്‌ പതിനയ്യായിരം രൂപ വരുമാനമാണ്‌ ഏജന്റ്‌ വാഗ്ദാനം ചെയ്തത്‌. ഇവിടെ ലഭിക്കുന്നത്‌ ഏഴായിരത്തഞ്ഞൂറു മുതല്‍ ഒന്‍പതിനായിരം വരെ മാത്രം! ചിലവു കഴിഞ്ഞാല്‍ ബാക്കി അയ്യായിരം- ആറായിരം വരെ മാത്രം. ആലോചിച്ചു നോക്കൂ, ഇവര്‍ക്ക്‌ വന്ന കടം വീടുവാന്‍ എത്രകാലം പിടിയ്ക്കും?

ഇവിടെ മരുഭൂമിയില്‍ ആടു മേയ്ക്കുന്ന മലയാളികള്‍ ഉണ്ട്‌. നൂറുമുതല്‍ അഞ്ഞൂറു വരെ ആടുകളുമായി കടല്‍ പോലെ കിടക്കുന്ന മരുഭൂമിയിലൂടെ പൊരിവെയിലത്ത്‌ നടക്കുന്ന ആ മനുഷ്യരെ നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല!.
ഇക്കഴിഞ്ഞയിടെ ഒരു സംഭവം ഉണ്ടായി. വര്‍ഷങ്ങളോളം ആടുമേയ്ച്ച്‌ മരുഭൂമിയിലൂടെ നടക്കേണ്ടി വന്ന ഒരാള്‍ (മലയാളി-കൃഷ്ണന്‍) അവസാനം രക്ഷപെട്ട്‌ അല്‍-കോബാറിലെത്തി. വല്ലപ്പോഴും അരിയും വെള്ളവും കൊണ്ടുകൊടുക്കുന്ന സ്പോണ്‍സറല്ലാതെ മറ്റാരുമായും ബന്ധമില്ലാതെ അയാള്‍ മലയാളം തന്നെ മറന്ന അവസ്ഥയിലായിരുന്നു. പലപ്പോഴും ആടിനു സമാനമായ ശബ്ദമാണ്‌ അയാള്‍ പുറപ്പെടുവിച്ചിരുന്നത്‌! ശമ്പളം അയ്യായിരം രൂപയാണുണ്ടായിരുന്നത്‌!

ഇവിടെ അടുത്തു തന്നെ ഒരു സൂഖ്‌ (= ചന്ത) ഉണ്ട്‌. പുല്‍കട്ടകളും ആടിനു ഭക്ഷണമായ ഗോതമ്പും മറ്റുമാണ്‌ കച്ചവടം. ഇവിടെ മൂന്ന്‌ മലയാളികള്‍ ഉണ്ട്‌. ഒരാള്‍ നാട്ടില്‍ ബസ്‌ കണ്ടക്റ്ററായിരുന്നു. ഇവിടെ ജോലി പുല്‍കട്ടകളും ഗോതമ്പും ചുമക്കുക. ശമ്പളം എണ്ണായിരം രൂപയോളം. താമസം ട്രയിലറിനു കീഴേ. പൊരിവെയിലും കൊടുംതണുപ്പും സ്വന്തം. വിസ തുക ഒരു ലക്ഷം!ഞാനിക്കാര്യങ്ങള്‍ എഴുതിയത്‌, സാധാരണ ഗള്‍ഫ്‌ മലയാളിയുടെ അവസ്ഥ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌. ശരാശരി ഗള്‍ഫുകാരന്റെ അവസ്ഥ ഇതു തന്നെയാണ്‌. (ചെറിയൊരു ന്യൂനപക്ഷത്തിന്‌ മാത്രമേ മാന്യമായ ശമ്പളവും സൗകര്യങ്ങളുമുള്ളൂ.)

അവര്‍ മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ നാട്ടില്‍ പോകുന്നത്‌. അവരെയാണ്‌ നമ്മുടെ വിമാനകമ്പനികള്‍ കൊള്ളയടിക്കുന്നത്‌.നാലുമണിക്കൂര്‍ യാത്രയുള്ള മുംബായ്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1100-1200 റിയാല്‍. നാലര മണിക്കൂര്‍ യാത്രയുള്ള കോഴിക്കോട്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1800-2600 റിയാല്‍!എന്താണിതിന്റെ ഗണിത യുക്തി? (ശരാശരി പ്രവാസിയുടെ ശമ്പളം 600-800 റിയാല്‍ മാത്രമാണ്‌.)


ഏറ്റവും പഴയ വിമാനങ്ങളാണ്‌ ഗള്‍ഫ്‌ സെക്റ്ററില്‍ സര്‍വീസ്‌ നടത്തുന്നത്‌. യാത്രക്കാരോട്‌ യാതൊരു മാന്യതയും കാണിക്കാത്തവരാണ്‌ സ്റ്റാഫുകളില്‍ അധികവും. ഓരോ യാത്രയിലും ഞാന്‍ ഇവരുടെ പെരുമാറ്റം നിരീക്ഷിക്കാറുണ്ട്‌. ഉത്തരേന്ത്യന്‍ തൈക്കിളവിമാരണ്‌ എയര്‍ഹോസ്റ്റസുകള്‍. കുഷ്ഠം പിടിച്ചവരോടെന്നപോലാണ്‌ പലരോടും ഇവരുടെ പെരുമാറ്റം. (വര്‍ഷങ്ങളോളം കാണാതിരുന്ന സ്വന്തം നാടിനെയും ബന്ധുക്കളെയും കാണാനുള്ള ആര്‍ത്തിയില്‍ പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞ യാത്രക്കാര്‍ തനി ബസ്‌ യാത്രപോലെ വിമാനയാത്രയും കരുതിപ്പോകും.)മലയാളിയായ വിദേശകാര്യമന്ത്രിയുണ്ട്‌, പ്രവാസികാര്യമന്ത്രിയുണ്ട്‌, സര്‍ക്കാരിനെ താങ്ങാന്‍ മുഴുവന്‍ എം.പി.മാരുമുണ്ട്‌. എന്തുകാര്യം? കോരനു കഞ്ഞി കുമ്പിളില്‍ തന്നെ. മറ്റു വിദേശ എയര്‍ലൈനുകള്‍ കൂടി ഈ മേഖലയില്‍ വന്നാല്‍ മാറ്റം വന്നേക്കും.ഏതായാലും വിമാനയാത്ര ഗള്‍ഫുകാരന്റെ ആഡംബരയാത്രയാണെന്നും മറ്റുമുള്ള "ഡെസ്പറേറ്റ്‌" ചിന്തകള്‍ മറ്റുള്ളവര്‍ക്കുണ്ടാകാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.

ബിജുകുമാര്‍, കണ്ണൂര്‍സൗദി അറേബ്യ.

discussion topic message from mathrubhumi.com

10 Comments:

Blogger ഉപ്പന്‍ said...

എയര്‍ ഇന്ത്യ ഗള്‍ഫ് മേഘലയില്‍ മാത്രമല്ല യാത്രക്കാരോട് അപമര്യാദയായി പെരുമാറുന്നത് . ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുന്ന പോലെയാണ് തൈക്കിളവികളുടെ പെരുമാറ്റം. നമ്മള്‍ KSRTC ബസില്‍ കാണിക്കുന്ന മര്യാദക്കുപോലും അവര്‍ അര്‍ഹരല്ല.

7:17 AM, August 23, 2006  
Blogger ദില്‍ബാസുരന്‍ said...

ഒരു കോമ്പറ്റീറ്റര്‍ വരുക മാത്രമേ രക്ഷയുള്ളൂ. എന്ത് കച്ചറ സര്‍വീസ് നല്‍കിയാലും ഇവന്മാര്‍ വീണ്ടും വരും എന്ന ധാര്‍ഷ്ട്യമാണ് എയര്‍ ഇന്ത്യയും ഇന്ത്യന്‍ എയര്‍ലൈന്‍സും കാണിക്കുന്നത്.

7:35 AM, August 23, 2006  
Blogger അഹം said...

എയര്‍ ഇന്‍ഡ്യ മര്യാദയായി പെരുമാറിയാല്‍
തീരുന്നതാ‍ണൊ ഗള്‍ഫ്കാരുടെ പ്രശ്നം??
അര്‍ഹമായ വേതനം, മെച്ചപ്പെട്ട ജീവിതസാഹചര്യങള്‍
അതാണു ആവശ്യം.

7:46 AM, August 23, 2006  
Blogger തറവാടി said...

സത്യം പറഞ്ഞാല്‍ ആരും പരിഭവിക്കെണ്ട.

നമുക്ക് അര്‍ഹിക്കുന്നത് നമുക്ക് കിട്ടുന്നു. വിവരിക്കാം

പലരാജ്യക്കാരുമായി ഇടപഴകിയ ഞാന്‍ മനസ്സിലാകിയത് , ഏറ്റവും കൂടുതല്‍ പരസ്പര ബഹുമാനവും , കൂറുമില്ലാത്തത് നമ്മല്‍ മലയാളികള്‍ തമില്‍ തമ്മിലാണ്‍്. ഇത് മനസ്സിലാക്കിയവര്‍ അതുപയൊഗിക്കുന്നു വെന്ന് മാത്രം

കുറച്ച് കാലം മുമ്പ്‌ പാകിസ്ഥാന്‍ എയര്‍ ലൈന്‍ ചാര്‍ജ് കൂട്ടി ..പഠാണികള്‍ ഒരു തീരുമാന മെടുത്തു , ഇനി അതില്‍ യാത്ര ചെയ്യില്ല. എന്നാല്‍ പാരകലുണ്ടാകുമെന്നറിയുന്നതിനാല്‍ , എയര്‍പൊര്‍ട്ടില്‍ വണ്ടിയുമായി കാത്ത് നിന്നു , ബാക്കി ഞാന്‍ പറയേണ്ടല്ലൊ , ചുരുക്കത്തില്‍ , 4 ദിവസത്തിനുള്ളില്‍ ചാര്‍ജ്ജ് പഴയതാക്കി... ഈ സംഭവം എന്ന് നടന്നു എന്ന് ഗവേഷ്ണം നടത്തേണ്ട ,

നാട്ടില്‍ പൊകേണ്ട എന്ന് ഞാന്‍ പറയില്ല .

എന്നാല്‍ ചുരുങ്ങിയത് , കോഴിക്കോടിന് പൊകേണ്ട എത്ര ആളുകള്‍ , വെറെ ഒരു എയര്‍ ലൈനിന്‍ കൊച്ചിയില്‍ വന്ന് കാറില്‍ പൊകാന്‍ തയ്യാറാകും?

ഒരാളും തയ്യാറാകില്ലാ എന്നതാണ് സത്യം..മറ്റുള്ളവര്‍ക്ക് വേണ്ടി ഞാനെന്തിന് കഷടപ്പെടണം എന്ന തോന്നലാകും..

.ഇത്തരത്തിലുള്ള നമ്മള്‍ മലയാളികളുടെ ചിന്താകതിയാണ് നമ്മളെ എന്നും ഇത്തരത്തിലുള്ള കഴുകന്‍ മാര്‍ക്ക് എന്നും “ നമുക്ക് തിന്നാം , എവരെന്നും കിടന്ന് തരും” എന്ന ധൈര്യം കൊടുക്കുന്നതും , അവര്‍ അങ്ങിനെ ചൈത്കൊണ്ടിരിക്കുന്നതും..

അദ്യം നമ്മള്‍ സ്വയം നന്നാകൂ , മറ്റുള്ളവര്‍ക്ക് വേണ്ടി കുറച്ചെങ്കിലും സഹിക്കാന്‍ തയ്യാറാകൂ , എല്ലാം നമ്മുടെ വഴിക്ക് വരും , അല്ലാതെ ഒരു മന്ത്രിയും ഒരു പുല്ലും ചെയ്യാന്‍ പോകുന്നില്ല..


ഞാന്‍ പറഞ്ഞത് സത്യമല്ലെ? അല്ലെങ്കില്‍ പറയൂ..

8:32 AM, August 23, 2006  
Blogger വല്യമ്മായി said...

നമ്മുടെ ഗവണ്മെന്‍റിന്‍റെ എയര്‍ലൈന്‍സ് തുടങ്ങുമെന്നൊക്കെ പറഞ്ഞിട്ട് എന്തായി??

12:22 AM, August 24, 2006  
Blogger ഇത്തിരിവെട്ടം|Ithiri said...

ഇന്ത്യന്‍ വിമാനകമ്പനികള്‍ക്ക് ധാര്‍ഷ്ട്യമാണ്. അവര്‍ എന്തു പറഞ്ഞാലും കേള്‍ക്കാന്‍ ഈ പാവങ്ങള്‍ തയ്യാറാണെന്നത് കൊണ്ടുതന്നെ. ഇവിടെ കുറെ പാവങ്ങള്‍ ഉണ്ട്. അവരെ എല്ലാവര്‍ക്കും ആവശ്യമുണ്ട്.

രാഷ്ട്രീ‍യകാരനും സാംസ്കാരിക നായകന്മാര്‍ക്കും സിനിമാകാര്‍ക്കും കസ്റ്റംസ് സാറുമാര്‍ക്കും പിരിവിനവന്‍ വേണം. ഇവിടെ കാലുകുത്തുന്ന സകലമന്ത്രിമാരും പറയുന്നതെല്ലം തിരിച്ച് വിമാനം കയറുമ്പോള്‍ മറക്കും .. പിന്നെ അവരോര്‍ക്കുന്നത് തിരിച്ച് ഇവിടെ ഇറങ്ങുമ്പോഴാണ്.എന്നലും നാമെല്ലാവരും കൂടി നാണമില്ലതെ അവരെ സ്വീകരിക്കുകും.അവര്‍ വീണ്ടും പ്രസ്താവിക്കും.. വീണ്ടും മറക്കും... പിന്നെ ഇവര്‍കാര്‍ക്കും ഇല്ലാ‍ത്ത ഉത്തരവാദിത്തവും പ്രവാസ സ്നേഹവും എന്തിനാണ് വിമാന കമ്പനിക്ക്...

ഇതിനു കമന്റിട്ട് ഊര്‍ജ്ജം കളയുന്നതിലും നല്ലത് വല്ല ഓഫുമടിച്ച് കഴിയുന്നതാണ് നല്ലെതെന്ന് തോന്നിയാ ഇതുവരെ കമന്റാതിരുന്നത്.

ഇന്ത്യന്‍ വിമാന കമ്പനികള്‍ നന്നാവാന്‍ ഒറ്റമാര്‍ഗ്ഗമേ യുള്ളൂ 100% ബഹിശ്കരിക്കുക. അത് നടക്കാത്ത സ്വപ്നമായതിനാല്‍ പിന്നെ ഇതെല്ലാം സഹിച്ച് മിണ്ടാതിരിക്കുക..

വാല്‍കഷ്ണം : നാട്ടിലെ വാര്‍ത്താമാധ്യമങ്ങള്‍ക്ക് പോലും പ്രവാസി ബൂര്‍ഷ്വയാണ്.microsoft ലും oracle ലും ജോലിയെടുക്കുന്ന മുതലാളിത്തത്തിന്റെ സഹായിയായ ബൂര്‍ഷ്വ.. അറബിവീടുകളിലും ലേബര്‍ക്യമ്പിലും കഴിയുന്ന ബഹുഭൂരിപക്ഷത്തെ കാണാന്‍ ഞാനടക്കം ആര്‍ക്കും തല്പര്യമില്ല..

കലികാല വൈഭവം.....

12:34 AM, August 24, 2006  
Blogger പുഞ്ചിരി said...

നമ്മുടെ അഹം, തറവാടി അന്നിവര്‍ പറഞ്ഞത്‌ ക്ണ്ടപ്പോള്‍ രണ്ട്‌ കഥകള്‍ ഓര്‍മ്മ വന്നു‌ - ഒന്ന്‌ ഞണ്ട്‌ കയറ്റുമതി, മറ്റേത്‌ ഉച്ചഭക്ഷണം... കേട്ടവരുണ്ടെങ്കില്‍ കേള്‍ക്കാത്തവര്‍ക്കായി ക്ഷമിക്കുക... ഞാന്‍ എന്തായാലും ഈ രണ്ട്‌ കഥകളും പറയാന്‍ തീരുമാനിച്ചു കഴിഞ്ഞു...

കഥ ഒന്ന്‌ - ഞണ്ട്‌ കയറ്റുമതി

ദുബായിലെ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന പോര്‍ട്ടിലെ ജീവക്കാര്‍ അന്ന് വന്ന വസ്തു വഹകള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു. അന്ന്‌ പല രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ ഇനം ഞണ്ടുകളെയായിരുന്നു എത്തിച്ചിരുന്നത്‌. അവരോരോന്നായി പരിശോധിക്കാന്‍ തുടങ്ങി. എല്ലാ സംഭരണികളും ഭദ്രമായി അടച്ചു വെച്ചിട്ടുണ്ടായിരുന്നു. ഞണ്ടുകളൊന്നും തന്നെ ചാടിപ്പോവരുതല്ലോ...

പക്ഷെ അതിനിടയിലും കണ്ടു ഒരു സംഭരണി യാതൊരു അടപ്പും വെക്കാതെ തന്നെ അയച്ചിരിക്കുന്നു... പരിശോധകര്‍ ഉടന്‍ തന്നെ ലേബലില്‍ സൂചിപ്പിച്ച പ്രകാരം ഞണ്ടുകളെ എണ്ണി നോക്കി... അത്‌ഭുതം... എണ്ണമൊക്കെ കിറു കൃത്യം. ഇതെങ്ങനെ... ഒന്നു പോലും പുറത്തു ചാടിപ്പോവാതെ...

അവരുടനെ തന്നെ എവിടുന്നാ വന്നതെന്ന്‌ നോക്കി. കൊച്ചിയില്‍ നിന്നായിരുന്നു സംഗതി വന്നത്‌. ഉടനെ എല്ലാര്‍ക്കും കാര്യം പിടികിട്ടി...

മലയാളികളുടെ പാരവെപ്പിനെ പറ്റി നല്ല ധാരണയുണ്ടായിരുന്ന ഫിലിപ്പിനൊ പരിശോധകന്റെ കമന്റ്‌ ഇപ്രകാരം മൊഴിമാറ്റം നടത്താം: “ങ്‌ഹാ.. കേരളത്തില്‍ നിന്നല്ലേ... വല്ല ഞണ്ടും ചാടിപ്പോവാന്‍ നൊക്ക്വാണെങ്കില്‍ തന്നെ മറ്റവന്മാരെല്ലാം കൂടി അവനെ പിടിച്ച്‌ വലിച്ച്‌ താഴെ ഇട്ടോളും...“

കഥ രണ്ട്‌ - ഉച്ച ഭക്ഷണം

ദുബായിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഒരു interview വിന് പങ്കെടുക്കാന്‍ വന്നതായിരുന്നു ഒരു മലയാളിയും പിന്നൊരു സൂരിയും (സിറിയക്കാരന്‍). രണ്ടുപേരും നന്നായിത്തന്നെ രംഗം കൈകാര്യം ചെയ്തു. ഒന്നിനൊന്ന്‌ മെച്ചം. ആരെ എടുക്കണം എന്നായി അഭിമുഖ സംഭാഷണം സംഘടിപ്പിച്ച സ്ഥാപന മേധാവികള്‍. അവസാനം രണ്ടുപേരെയും എടുക്കാന്‍ തന്നെ തീരുമാനിച്ചു.

ശമ്പളവും മറ്റു കാര്യങ്ങളും തീരുമാനിക്കാനായി രണ്ടുപേരോടും ഉച്ചഭക്ഷണം കഴിച്ച്‌ വരാനാവശ്യപ്പെട്ടു. രണ്ടുപേര്‍ക്കും ഭക്ഷണം കഴിക്കാന്‍ അലവന്‍സായി 50 ദിര്‍ഹം വീതം കൊടുക്ക്വേം ചെയ്തു.

അങ്ങനെ രണ്ടു പേരും രണ്ട്‌ വഴിക്ക്‌ പിരിഞ്ഞ്‌ ഭക്ഷണമെല്ലാം കഴിഞ്ഞ്‌ തിരിച്ചെത്തി. കാര്യങ്ങള്‍ തീരുമാനിക്കുന്നതിനിടെ ശമ്പളക്കാര്യമെത്തി. സൂരിക്ക്‌ 7000 ദിര്‍ഹം; മലയാളിക്ക്‌ 2000 ദിര്‍ഹം!

ഇതെന്ത്‌ കഥ - ഒരേ ജോലി ചെയ്യുന്ന, ഒരേ തരം കഴിവുകളുള്ള രണ്ട്‌ പേര്‍ക്ക്‌ രണ്ട്‌ തരം ശമ്പളമോ... അതും ആരെ ഒഴിവാക്കാന്‍ പറ്റുമെന്ന്‌ കമ്പനിക്ക്‌ തീരുമാനിക്കാനാവാതെ രണ്ടു പേരെയും ഒരു പോലെ തിരഞ്ഞെടുത്ത കമ്പനി ഇങ്ങനെ ഒരു തരംതിരിവ്‌ കാണിക്കാന്‍ പാടുണ്ടോ... മലയാളി ബഹളം വെക്കാന്‍ തുടങ്ങി.

സ്ഥാപന മേധാവി അവരെ ഇരുവരെയും അടുത്ത്‌ വിളിച്ച്‌ ആദ്യം സൂരിയോട്‌ ചോദിച്ചു: “താന്‍ ഉച്ചക്ക്‌ എന്താ കഴിച്ചത്‌?” “ഫലാഫില്‍, ഹമൂര്‍, കബാബ്‌...” അവന്‍ ഒരു വല്യ ലിസ്റ്റ്‌ തന്നെ പുറത്തെടുത്തു. ബാക്കി കയ്യില്‍ എത്രയുണ്ടെന്ന മേധാവിയുടെ ചോദ്യത്തിന്‌ അഞ്ച്‌ ദിര്‍ഹമെന്ന്‌ മറുപടിയും മൊഴിഞ്ഞു.

ഇനി മലയാളിയുടെ ഊഴം. അവന്‍ കഴിച്ചത്‌ വെറും മൂന്നര ദിര്‍ഹം ചെലവാക്കി ഒരു മോട്ടാ ചാവല്‍ സെറ്റ്‌. ബാക്കി കീശയില്‍ ഇരിക്കുന്നത്‌ നാല്പത്തി ആറര.

മേധാവിയുടെ അടുത്ത ചോദ്യം കേട്ട്‌ മലയാളിക്ക്‌ ഉത്തരം മുട്ടി. എന്തായിരുന്നു എന്നല്ലേ... “ഒരു നേരത്തെ ഭക്ഷണത്തിന്‌ സൂരിക്ക്‌ ചിലവ്‌ നാല്പത്തഞ്ച്‌, മലയാളിക്ക്‌ മൂന്നര. അപ്പോ സൂരിക്ക്‌ 7000 കൊടുത്താ മതിയോ...?”

കഥകള്‍ ഇവിടെ നിര്‍ത്തട്ടേ... ഒരു പോസ്റ്റാക്കി ഇട്ടാലോന്നാലൊചിച്ചതാ... പിന്നെ ഇവിടെ കിടക്കട്ടേന്ന്‌ കരുതി... അഭിപ്രായം അറിയിക്കുമല്ലോ...

4:01 AM, August 24, 2006  
Blogger viswaprabha വിശ്വപ്രഭ said...

സ്വല്പം നീണ്ടതായിരിക്കാം ഈ കമന്റ്. എങ്കിലും പ്രവാസികളെങ്കിലും ഇതു ക്ഷമയോടെ വായിക്കണം എന്നപേക്ഷിക്കുന്നു.

എയര്‍ ഇന്ത്യയുടെ (എയര്‍ ഇന്ത്യ എന്ന ബല്യ ആനയുടെ മുതുകത്തും മുന്നിലും പിന്നിലുമായി നടക്കുന്ന പാപ്പാന്മാരുടെയും പാപ്പാത്തികളുടേയും) ധിക്കാരത്തിനും അവഗണനയ്ക്കും എതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്ന ഒരാളാണ് ഞാന്‍.
അതിന്റെ ഭാഗമായിത്തന്നെ കുറെ കഷ്ടപ്പാടു സഹിച്ചാല്‍ പോലും മറ്റ് എയര്‍ലൈനുകളില്‍ കൊളംബോ വഴിയോ മറ്റോ ആണു യാത്രയും പതിവ്.

കുറെയൊക്കെ നമ്മുടെ തന്നെ ഇടയിലുള്ള കാലുനക്കികളാണ് ഈ അവസ്ഥയ്ക്കു കാരണം.
ഇവിടെ ഏതു സംഘടന എന്തു പരിപാടി നടത്തിയാലും ചെലവുമുട്ടിക്കാനുള്ള ഒരു സൂത്രം ‘സ്പോണ്‍സറിങ്ങ് ’ ആണ്. മിക്ക പരിപാടികളിലും എയര്‍ ഇന്ത്യയുടെ സ്പോണ്‍‍സറിങ്ങ് കാണും. സംഗതി ലളിതമാണ്. എയര്‍ ഇന്ത്യ കമ്മിറ്റിക്കാര്‍ക്കു പൈസ കൊടുക്കണ്ട. പകരം പരിപാടിയില്‍ പങ്കെടുക്കുന്ന, നാട്ടില്‍ നിന്നു വരുന്ന, സിനിമാതാരകങ്ങള്‍ക്കോ രാഷ്ട്രീയക്കോമരങ്ങള്‍ക്കോ, സാംസ്കാരികപ്പൊയ്ക്കോലങ്ങള്‍ക്കോ, മതതിമിരചക്ഷുസ്സുകള്‍ക്കോ (ഉട്ടോപ്പിയയില്‍ ഭിക്ഷ തെണ്ടാന്‍ വരുന്ന അവരുടെയൊക്കെ കാര്യം പിന്നെ പറയാം) യാത്രക്കു വേണ്ട നാലോ അഞ്ചോ ടിക്കറ്റ് സൌജന്യമായി കൊടുത്താല്‍ മതി. പകരം എയര്‍ ഇന്ത്യയുടെ ഒരു ബാനര്‍ തൂക്കിയിടണം. ചിലപ്പോള്‍ സ്റ്റേജില്‍ വെച്ച് പരസ്യമായി മാനേജര്‍ക്ക് ഒരു നന്ദിയും പറയണം. അത്രയേ വേണ്ടൂ.

തീര്‍ത്തും നിസ്സാരമെന്നു തോന്നുന്ന ഈ കാര്യത്തില്‍ നിന്നാണ് ഇവരുടെ ധാര്‍ഷ്ട്യം തുടങ്ങുന്നത്.

ഇങ്ങനെ ടിക്കറ്റുപൊന്മുട്ടയിടുന്ന ഒരു താറാവിനെ നിലയ്ക്കു നിര്‍ത്താന്‍ ഈ സംഘടനകളുടെ നേതാക്കന്മാരൊന്നുംകൂട്ടു വരില്ല. കണ്മുന്നില്‍ നടക്കുന്ന അനീതികള്‍ കണ്ടില്ലെന്നു നടിക്കുകയാണവര്‍ ചെയ്യുക. സ്വന്തം വീട്ടിലെ കാര്യം വരുമ്പോള്‍ ചുളുവില്‍ അടിച്ചെടുക്കുന്ന നക്കാപ്പിച്ച സൌജന്യങ്ങളും അവര്‍ക്കൊരു മുതല്‍ക്കൂട്ടാവുന്നു.

കമ്പനികളില്‍ താഴെതട്ടുകളില്‍ ജോലിചെയ്യുന്ന ആളുകളെയും കമ്പനികളെ തന്നെയും ഒരേ സമയം ചൂഷണം ചെയ്യുന്ന ‘അഡ്മിന്‍’ വിഭാഗക്കാരെയും അവരോടൊപ്പം നില്‍ക്കുന്ന ട്രാവല്‍ ഏജന്‍സികളേയും എയര്‍ ഇന്ത്യയുടെ ജോലിക്കാരെയും കൂട്ടിക്കെട്ടുന്ന ഒരു വലയം കൂടി ഉണ്ട് ഇവിടങ്ങളില്‍. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് കരാറില്‍ എഴുതിയിട്ടുള്ള പാവങ്ങളുടെ പണം അവരറിയാതെ മുതലാക്കുന്ന സൂത്രം അധികമാര്‍ക്കും അറിയില്ല.

ഗള്‍ഫില്‍നിന്നും കൊച്ചിയിലേക്ക് ‍ എക്കോണമിക്ലാസ്സില്‍ യാത്രചെയ്യുന്നവരൊക്കെ കണ്ടിട്ടുണ്ടാവും അവരുടെ തൊട്ടടുത്ത സീറ്റുകളില്‍ ചെന്നയിലേക്ക് പോകുന്ന ‘കഡ്ഡപ്പ‘കളെ. ആന്ധ്രയുടെ ഏറ്റവും ദരിദ്രമായ, ദുരിതപൂര്‍ണ്ണമായ ഭാഗത്തുനിന്നും വരുന്ന ആ മനുഷ്യക്കോലങ്ങള്‍ ഗള്‍ഫിലെ അറബികള്‍ക്ക് ഏറ്റവും അനുസരണയുള്ള റോബോട്ടുകളാണ്. എന്നിട്ടും നല്ലൊരു വാഷിങ്ങ്മെഷീനും ഫുഡ്പ്രോസസ്സറിനും വേണ്ടതിനേക്കാള്‍ കുറഞ്ഞ ചെലവേ അവരെ പോറ്റാന്‍ വേണ്ടിവരൂ. നാലോ അഞ്ചോ വര്‍ഷത്തിലൊരിക്കല്‍ കണവനേയും കണ്ണിലുണ്ണികളായ മക്കളേയും കാണാന്‍ പോകുന്ന അവര്‍ക്ക് വിമാനയാത്രയെക്കുറിച്ച് വലിയ അനുഭവമൊന്നുമില്ല. മിക്കവാറും രണ്ടാമത്തെയോ നാലാമത്തെയോ വിമാനയാത്രയായിരിക്കും അവര്‍ ചെയ്യുന്നുണ്ടാവുക. ഒരു ടൂറിസ്റ്റ്ബസ്സ് പോലും സ്വര്‍ഗ്ഗമായി തോന്നുന്ന അവര്‍ക്ക് വിമാനത്തിലെ ഏറ്റവും നിസ്സാരമായ സൌകര്യം പോലും ശ്രേഷ്ഠമായി തോന്നും. മാത്രമല്ല, നാമൊക്കെ ധരിച്ചുവെച്ചിട്ടുള്ള ആചാരങ്ങളും ഉപചാരങ്ങളും ആരും പഠിപ്പിച്ചുകൊടുത്തിട്ടില്ലാത്തതിനാല്‍ ചിലപ്പോഴൊക്കെ അവരുടെ പെരുമാറ്റം അരോചകമായി തോന്നിയെന്നും വരാം.

ഈ ചെമ്മരിയാട്ടിന്‍ കൂട്ടത്തെയാണ് വജ്രജൂബിലി ആഘോഷിക്കുന്ന എയര്‍ഹോസ്റ്റസ് കൊച്ചമ്മമാര്‍ക്ക് സഹിക്കേണ്ടി വരുന്നത്. സിങ്കപ്പൂര്‍, അമേരിക്ക, ഇന്ത്യയിലെ തന്നെ മറ്റു സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്കൊക്കെ പറക്കുന്ന ആകാശരാജാവിന്റെ ഈ തോഴിമാര്‍ക്ക് സാധാരണ പരിചയമുള്ള ഹൈ-ഫ്ലൈ കുട്ടപ്പന്മാരും കുട്ടപ്പിമാരുമല്ല ഇവര്‍. വിസ്കിയും പെപ്സിയും തിരിച്ചറിയാത്ത ഇവറ്റയെവിടെ? വാള്‍മാര്‍ട്ടില്‍ ഷോപ്പിങ്ങിനു പോവുമ്പോള്‍ കമ്പനി തരാമെന്നു പറയുന്ന പണച്ചാക്കുകളെവിടെ? ഇങ്ങനെയൊരു ഫ്ലയിങ്ങ് സെക്റ്ററിലേക്ക് തങ്ങളെ തള്ളിയിട്ട ബോസ്സന്മാരെ തെറിപറഞ്ഞുകൊണ്ടു വേണം ഈ കടല്‍ക്കിളവികള്‍‍ക്കു ജോലി തുടങ്ങാന്‍ തന്നെ. ബാക്കി അവജ്ഞയും വൈരാഗ്യവുമാണ് നമുക്കൊക്കെ അവര്‍ ഗ്ലാസ്സിലും പ്ലേറ്റിലും വിളമ്പിത്തരുന്നത്. ഒരു പുഞ്ചിരിയുടെ പൂമൊട്ടെങ്കിലും അവര്‍ അതിനൊപ്പം വെക്കാറില്ല മിക്കപ്പോഴും!

അവരോടു സംസാരിച്ചുനോക്കൂ. നിങ്ങള്‍ക്ക് നിങ്ങളുടെ അവകാശങ്ങളെപറ്റി ബോധമുണ്ടെന്നു കണ്ടറിയുന്ന ആ നിമിഷത്തില്‍ കാണാം പുലിയെപ്പോലെയിരിക്കുന്ന അവര്‍ നല്ലൊരു കുറിഞ്ഞിപ്പൂച്ചയായി മാറുന്നത്! നൂറുപേരില്‍ നാലുപേരെങ്കിലും നേര്‍ക്കുനേരെ നിന്നു ചോദിക്കാനുണ്ടെങ്കില്‍ ഈ പുലിത്തരമൊക്കെ എന്നേ പോയേനെ! എങ്കിലും സഭയില്‍ വെച്ച് കാര്യങ്ങള്‍ ചോദിക്കുന്നത് ചെറ്റത്തരമാണെന്ന് കരുതുന്ന അന്ധവിശ്വാസമോ സംസ്കാരപ്പൊയ്മുഖമോ മൂലം, നാം, പ്രത്യേകിച്ച് മലയാളികള്‍, ന്യായമായ കാര്യങ്ങളൊന്നും നേരിട്ട് ചോദിക്കാതെ, അനുഭവിച്ചങ്ങനെ പോവുകയാണു പതിവ്‌.

സഹിഷ്ണുത ഒരു നല്ല ഗുണമാണ്. പക്ഷേ അതു മറ്റുള്ളവര്‍ക്കു നമ്മുടെ മെക്കിട്ടു കയറാനുള്ള ഒരു കോണിയാവരുത്. സഹജീവിയോടുള്ള സ്നേഹമായിരിക്കണം അതിന്റെ ഗുണം. അപ്പുറത്തെ സീറ്റിലിരിക്കുന്ന ഒരു ‘കഡ്ഡപ്പ’ക്ക് ഒരു ഉപകാരമാവുമെങ്കില്‍ ഞാന്‍ തീര്‍‍ച്ചയായും സഹിക്കണം. അതിനു പകരം ഇന്നു നാം സഹിഷ്ണുത കാണിക്കുന്നത് എയര്‍ഹോസ്റ്റസും ട്രാന്‍സ്പോര്‍ട്ട് ബസ്സു് ഡ്രൈവറും പോലീസുകാരനും പോലുള്ള സ്ഥാപനങ്ങള്‍ അര്‍ഹതയില്ലാതെ നമ്മില്‍ അടിച്ചേല്‍പ്പിക്കുന്ന ധാര്‍ഷ്ട്യത്തിനോടാണ്.

നമ്മുടെ കൂടെയുള്ള പാവങ്ങളുടെ മേല്‍ വിമാനത്തിനുള്ളിലും കസ്റ്റംസിലും എമിഗ്രേഷനിലും നടക്കുന്ന ചൂഷണങ്ങളെ പറ്റി ആരാണു വായ് തുറക്കുക? ആ പാവങ്ങള്‍ക്കു തന്നെ അറിയില്ല അവര്‍ക്ക് എന്തൊക്കെ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്ന്. അറിവുള്ളവരാകട്ടെ, സ്വയം മറ്റൊരു ക്ലാസ് ആയി നടിച്ച് മാറി നില്‍ക്കുകയും സ്വന്തം സൌകര്യങ്ങള്‍ നോക്കുകയും ചെയ്യും.

ഒരുദാഹരണം പറയാം. ‘പുഷിങ്ങ്’ എന്നൊരു പരിപാടിയുണ്ടായിരുന്നു. ഇപ്പോളും ഉണ്ടോ എന്നറിയില്ല. നാട്ടിലെ റിക്രൂട്ടിങ്ങ് ഏജന്‍സികളും ട്രാവല്‍ ഏജന്‍സികളും എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റു് ജോലിക്കാരും കൂടിയാണ് ഇതു നടത്താറ്‌. ECNR എന്ന ഒരു സ്റ്റാമ്പ് പാസ്പോര്‍ട്ടില്‍ ആടിക്കണം. അത് മുന്‍പേ ഇല്ലാത്തവര്‍ക്ക് ഇങ്ങനെ ‘ആടി‘ക്കാന്‍ കുറച്ചു പണം അടയ്ക്കണം. (എത്ര? 500 രൂപ? ഇപ്പോള്‍ എത്രയാണെന്നറിയില്ല). ഗേറ്റടക്കുന്നതിനു തൊട്ടു മുന്‍പ് സുരക്ഷിതമായ ഒരു സമയത്ത് മുപ്പതോ നാല്‍പ്പതോ തൊഴിലാളികളെ ഇവരെല്ലാവരും കൂടി അകത്തുകേറ്റും. ഒന്നുകില്‍ സ്റ്റാമ്പു മാത്രം അടിച്ചിരിക്കും.(മറ്റു രേഖകളിലൊന്നും കാണില്ല). അല്ലെങ്കില്‍ അതുമുണ്ടാവില്ല. jest simbly going... അവര്‍ക്കു വേണ്ടി വരുമായിരുന്ന 30 x 500 രൂഫാ ഏമാന്മാരും ഏജന്റുമാരും പങ്കുവെച്ചെടുക്കും.

അടുത്തരംഗം അഞ്ചു വര്‍ഷം കഴിഞ്ഞാണ് കാണുക (മുംബായില്‍ വെച്ചുണ്ടായ അനുഭവം). മുറിത്തെലുങ്കും മുറിഅറബിയും മാത്രം അറിയുന്ന, അറബിക്കൊട്ടാരത്തിന്റെ മതിലുകള്‍ക്കു പുറത്ത് അപൂര്‍വ്വം മാത്രം പോയിട്ടുള്ള ‘കഡ്ഡപ്പ’ ( ഇവിടെ മലയാളി എന്നും വായിക്കാവുന്നതാണ്), നാട്ടിലേക്കു തിരിച്ചുവരുന്നു. 5 വര്‍ഷം മുന്‍പത്തെ നേരിയ ഓര്‍മ്മകള്‍ അലയിളക്കി പ്ലെയിനിലെ ‘രാജകീയ’യാത്രയും കഴിഞ്ഞ് ഇറങ്ങുന്ന ആ പാവത്തിനെ എതിരേല്‍ക്കുന്നത് എമിഗ്രേഷനില്‍ പാന്‍ മുറുക്കിക്കൊണ്ടിരിക്കുന്ന ഫോലീസുകാരനാണ്. ECNR എന്ന സ്റ്റാമ്പില്ലാതെ എങ്ങനെ 5 വര്‍ഷം മുന്‍പ് നീ അക്കരെക്കു പോയി എന്നാണു ചോദ്യം. അരമണിക്കൂര്‍ നേരത്തെ ഗ്രില്ലിങ്ങിനു ശേഷം അവളുടെ കയ്യില്‍ ആകെയുണ്ടായിരുന്ന 20 ദിനാര്‍ /അല്ലെങ്കില്‍ 250 ദിര്‍ഹം കയ്യിലാക്കിയാല്‍ എന്തോ ഒരു വലിയ സഹായം ചെയ്തു കൊടുത്തു എന്ന പോലെ അയാള്‍ അവളെ പോകാനനുവദിക്കും. അവള്‍ പോലുമറിയുന്നില്ല, അവളെ ആരൊക്കെ എങ്ങനെയൊക്കെ ചൂഷണം ചെയ്തുവെന്ന്! (ഈയിടെ ഇതിനൊക്കെ എന്തെങ്കിലും മാറ്റം വന്നുവോ എന്നറിയില്ല. അനുഭവസ്ഥര്‍ പറയട്ടെ.)

ഇപ്രാവശ്യം നാട്ടില്‍ എത്തി രണ്ടാഴ്ച്ച കഴിഞ്ഞപ്പോള്‍ ഒരു പുതുതലമുറ ബാങ്കില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ (ഞാന്‍ തല്‍ക്കാലം താമസിക്കുന്ന എന്റെ സഹോദരിയുടെ) വീട്ടിലേക്കു ഫോണ്‍ വിളിച്ചിരിക്കുന്നു. അവരുടെ പുതിയ ഒരു സമ്പാദ്യപദ്ധതിയുണ്ടത്രേ, NRI കള്‍ക്ക് അതിവിശിഷ്ടം! എന്റെ നമ്പറും പേരും എങ്ങനെ കിട്ടി എന്ന ചോദ്യത്തിനു പറഞ്ഞ മറുപടി എന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കിട്ടിയ ലീഡ് ആണത്രേ! നെടുമ്പാശേരിയോ! “അതെ, അവിടത്തെ എമിഗ്രേഷന്‍ പേപ്പറില്‍ എഴുതിക്കൊടുക്കുന്ന വിവരങ്ങള്‍ ഞങ്ങളെപ്പോലെയുള്ള ആള്‍ക്കാര്‍ക്ക് കിട്ടും. ഞങ്ങളുടെ മാര്‍ക്കെറ്റിങ്ങ് വിഭാഗത്തിന്റെ പ്രധാന സോഴ്സ് ആണ് അവിടം”. വിഡ്ഢിയായ ചെറുപ്പക്കാരന്‍! ഇതൊക്കെ വെട്ടിത്തുറന്നു പറഞ്ഞ് ഒരിക്കല്‍ അവന്‍ ഇരിക്കുന്ന മരം അറിയാതെ മുറിച്ചുകളഞ്ഞേക്കാം!

നമ്മുടേയും നമ്മുടെ രാജ്യത്തിന്റേയും സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് എമിഗ്രേഷന്‍ ഡിപ്പാര്ട്ട്മെന്റ് തന്നെ. സ്വന്തം ക്രെഡിറ്റ് കാര്‍ഡു പോലെ സ്വകാര്യമായി കരുതുന്ന, കരുതേണ്ട വ്യക്തിപരമായ (പേര്, ജനനത്തീയതി, വിലാസം, ഫോണ്‍ നമ്പരുകള്‍, ഒപ്പ് തുടങ്ങിയ) വിവരങ്ങള്‍ ഉത്തരവാദിത്തമുള്ള ഒരു ഗവണ്മെന്റ് സംവിധാനത്തെ വിശ്വസിച്ചേല്‍പ്പിക്കുകയാണ് ആ ഫോറം പൂരിപ്പിക്കുമ്പോള്‍ നാം ചെയ്യുന്നത്. ആ വിവരങ്ങളാണ് നമ്മുടെ സമ്മതമില്ലാതെ മൂന്നാമതൊരു കക്ഷിക്കു കൈമാറുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള അപകടം എത്രയാണെന്നു പക്ഷേ നമ്മില്‍ എത്ര പേര്‍ തിരിച്ചറിയുന്നുണ്ട്? ഇത്തരം ഒരു വ്യവസ്ഥിതിയെ ഇല്ലാതാക്കാന്‍ നാം എത്ര പേര്‍ ശ്രമിക്കും? പലപ്പോഴും എണ്ണിച്ചുട്ട അവധിദിനങ്ങളില്‍ അച്ഛനമ്മ-ഭാര്യ-മക്കളോടും കൂട്ടുകാരോടും കൂടി ചെലവാക്കേണ്ട നിമിഷങ്ങള്‍ ‘നമ്മെ അത്രക്കൊന്നും ബാധിക്കാത്ത’ ഈ വക കാര്യങ്ങള്‍ക്കു ചെലവാക്കാന്‍ നമുക്കാവില്ല!

മുംബായിലും കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റും വിമാനമിറങ്ങുക എന്നത് ബലാത്സംഘത്തിനിരയാവുക എന്ന പോലെ ഒരനുഭവമാണ് ആത്മാഭിമാനമുള്ള പലര്‍ക്കും. ഒരു പക്ഷേ നമുക്കിടയില്‍ അക്ഷരം കൂട്ടിവായിക്കാനറിയാവുന്നവര്‍ക്ക് അതനുഭവപ്പെട്ടു കാണില്ല. എല്ലാവരോടും വഴക്കുണ്ടാക്കുന്ന ഒരാളുടെ കൂടെ വിമാനയാത്രകളില്‍ ഒരുമിച്ചു പോവാന്‍ പോലും വൈമനസ്യം കാണിക്കുന്ന ഭാര്യയുടെ മുഖം കൂടി ആലോചിക്കുമ്പോള്‍ ‘സഹിച്ചു’പോകുന്നവരും കാണും കുറച്ചുപേര്‍. അങ്ങനെ സഹിക്കാതെ പോയിട്ട് ‘അവന്മാരുടെ‘ ഒക്കെ കണ്ണിലെ കരട് ആയി ഓരോ യാത്രയും ഒരു യുദ്ധമായി പ്രഖ്യാപിക്കാന്‍ നമുക്കോരോരുത്തര്‍ക്കും ആവണം. ചെറിയ സമയനഷ്ടങ്ങളും അസൌകര്യങ്ങളും ഉണ്ടായേക്കാം. പക്ഷേ ഒരാള്‍ക്കു വേണ്ടിയല്ല, ഒരു ജനതയ്ക്കുവേണ്ടിയാണ് എന്റെ യുദ്ധം എന്നു നമുക്കു തന്നെ തോന്നണം.

വല്ലപ്പോഴുമെങ്കിലും അപൂര്‍വ്വമായെങ്കിലും ഇങ്ങനെയൊന്നുമല്ലാത്ത, ചില നല്ല മനുഷ്യരെക്കാണാം ഈ സ്ഥാപനങ്ങള്‍ക്കിടയില്‍. ആ അവസരങ്ങളില്‍, അതു കണ്ടറിഞ്ഞ്, പ്രത്യേകമായി, “you have been nice with me!", എന്നു മാത്രമെങ്കിലും പറഞ്ഞ് ഹൃദയത്തില്‍ നിന്നും തേന്‍ തൊട്ടുചാലിച്ച ഒരു പൂപ്പുഞ്ചിരി കൊടുക്കാനും നാം മറക്കരുത്! പുഞ്ചിരിയേക്കാള്‍ വ്യാപകശക്തിയുള്ള ഒരു പകര്‍ച്ചവ്യാധി വേറൊന്നില്ല! നല്ല സേവനത്തിനു് ഇങ്ങനേയും ഒരു പ്രതിഫലം ഉള്ള കാര്യം നമുക്കവരെ ഓര്‍മ്മിപ്പിക്കാം.

താഴെത്തട്ടില്‍ ഉള്ള ആളുകള്‍ക്കും അവരുടെ തന്നെ ഭാഷയിലും ശൈലിയിലും അവരുടെ പ്രശ്നങ്ങള്‍ എഴുതാനും വായിക്കാനും കഴിയുന്ന ഒരു നാള്‍ വരും ബ്ലോഗുകളിലൂടെ. എന്നിട്ട് എഴുത്തിത്തുടങ്ങേണ്ട കഥകള്‍ ഇനിയും കുറേയുണ്ട്. ആ നാള്‍ ഉടന്‍ വരും എന്നാശിക്കട്ടെ.

4:49 AM, August 24, 2006  
Blogger viswaprabha വിശ്വപ്രഭ said...

അറിയുവാനുള്ള നമ്മുടെ അവകാശങ്ങള്‍ നാം എത്ര കണ്ട് വിനിയോഗിക്കുന്നുണ്ട്?

5:05 AM, August 24, 2006  
Blogger Inji Pennu said...

ഗള്‍ഫ് സെക്ടറില്‍ എയര്‍ ഇന്ത്യ ചെയ്യുന്നത് കൊടിയ ചൂഷണമാണ്..വെറും 400$ ഇല്‍ കൂടുതല്‍ 4 മണിക്കൂര്‍ യാത്രക്ക് വാങ്ങുന്നത് എന്തിനാണെന്ന്, അത് എങ്ങിനെ ഇത്രേം നാളും എല്ല്ലാരും സമ്മതിച്ച് കൊടുത്തുവെന്നും എനിക്കെപ്പോഴും ഒരു അതിശയമാണ്. അതേ ഡിസ്റ്റന്‍സ് ഉള്ള് സിംഗപ്പൂറിന് പോകാന്‍ 400$- ല്‍ താഴെയാണ്. വണ്ട് എടത്തോട്ട് പോയാലും വലത്തോട്ട് പോയാലും ദൂരം സമം ആണ്...

എത്ര വിമാനക്കമ്പനികള്‍ വരാന്‍ നോക്കി.ഒന്നും സമ്മതിക്കാതെ എയര്‍ ഇന്ത്യ പാര വെക്കുകയാണ്. എന്താണിതിനൊരു പ്രതിവിധി എന്ന് എനിക്കിപ്പോഴും അറിയില്ല. പ്രതിവിധിയുണ്ടാവുമൊയെന്നു. എയര്‍ ഇന്ത്യയെ പണ്ടെപ്പോഴൊ ബോയ്കോട്ട് ചെയ്യാന്‍ നോക്കിയിരുന്നില്ലെ?

വിശ്വേട്ടന്‍ പറഞ്ഞത് എത്ര ശരിയാണ്.
ആ പാവങ്ങളെ ‘കള്‍ച്ചര്‍ലെസ്സ്’ എന്ന് നാടന്‍ സായിപ്പും മദാമ്മയും ഒക്കെ പുച്ഛിക്കുന്നത് കണ്ടിട്ടുണ്ട്. അതേ നാടന്‍ സായിപ്പിനെ ശരിയായ സായിപ്പ് പുച്ഛിക്കും എന്ന് ഓര്‍ത്ത് സമാധാനിച്ചിട്ടുണ്ട്...

6:32 AM, August 24, 2006  

Post a Comment

<< Home