ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Thursday, August 24, 2006

നൂറില്‍ എത്ര മാര്‍ക്ക്‌?

മെയ്‌ 18ന്‌ അധികാരമേറ്റ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഇന്ന്‌ 100 ദിവസം തികയ്ക്കുകയാണ്‌. ജനമനസ്സുകളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനചിത്രം രാഷ്ട്രീയാതീതമായ വിലയിരുത്തലുകളിലൂടെ....

നൂറുദിവസത്തെ ഭരണം എന്തുനേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയില്ല. ചില മികച്ച തുടക്കങ്ങളുണ്ട്‌. ഒപ്പം ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചില വീഴ്ചകളും.ഭരണ രംഗത്ത്‌ ഇ.എം.എസ്സോ, ഇ.കെ. നായനാരോ അല്ല വി.എസ്‌. അച്യുതാനന്ദന്‍.
എന്നാല്‍ അവര്‍ക്കില്ലാത്ത കുറേ ശാഠ്യങ്ങളും കാര്‍ക്കശ്യങ്ങളുമുണ്ട്‌ വി.എസിന്‌. ഭരണം നടത്തുന്നത്‌ ഒരു മുന്നണിയാവുമ്പോള്‍ അത്‌ നല്ലതോ ചീത്തയോ എന്നത്‌ വേറെ കാര്യം.

ഇ.എം.എസിനും നായനാര്‍ക്കും നേരിടേണ്ടിവന്നതിനേക്കാള്‍ വളരെ വ്യത്യസ്തവും പ്രശ്ന സങ്കീര്‍ണവുമാണ്‌ അച്യുതാനന്ദന്റെ മുന്നിലുള്ള രാഷ്ട്രീയ സാഹചര്യം. വി.എസിന്റെ മുന്‍ഗാമികള്‍ ഇടതുമുന്നണി മന്ത്രിസഭകള്‍ക്ക്‌ നേതൃത്വം കൊടുത്ത കാലഘട്ടങ്ങളിലൊന്നും ഇത്രകലുഷിതമായിരുന്നില്ല സി.പി.എമ്മിനകത്തെ സ്ഥിതി. അന്നൊക്കെ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍തന്നെ അത്‌ ആശയരാഷ്ട്രീയ സമരങ്ങള്‍ ആയിരുന്നു എന്നായിരുന്നു നിഗമനം. ഇന്നിപ്പോള്‍, ബൂര്‍ഷ്വാ കക്ഷികളെ വെല്ലുന്നതരത്തിലുള്ളതാണ്‌ ഗ്രൂപ്പുപ്രവര്‍ത്തനം. സി.പി.എം. ഇത്‌ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും, സംസ്ഥാന ഘടകത്തിലെ ചേരിപ്പോരുകള്‍ പറഞ്ഞൊതുക്കാന്‍ പോളിറ്റ്‌ ബ്യൂറോ കൂടെക്കൂടെ ഇടപെടുന്നത്‌ ഇതിന്റെ തെളിവാണ്‌. അച്യുതാനന്ദനും മുന്നണി സര്‍ക്കാരും നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി ഇതാണ്‌. ഭരണം പ്രതീക്ഷിച്ചത്ര ഭംഗിയായും ചിട്ടയായും മുന്നോട്ടുപോകുന്നില്ല എന്ന വിമര്‍ശനത്തിന്റെ കാരണവും മറ്റൊന്നല്ല.

രാഷ്ട്രീയമായ അനിവാര്യതമൂലം ധൃതിപിടിച്ച്‌ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസനിയമം സൃഷ്ടിച്ച കോളിളക്കം ഇടതുമുന്നണിക്ക്‌ നേട്ടമോ കോട്ടമോ ഉണ്ടാക്കിയതെന്ന്‌ കാലത്തിനേ വിലയിരുത്താനാവൂ. വിദ്യാഭ്യാസരംഗത്ത്‌ സാമൂഹിക നിയന്ത്രണം ഉറപ്പാക്കുക എന്ന സദുദ്ദേശംവെച്ച്‌ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ്‌. ഉന്നയിച്ചതുതന്നെ നിയമം നിലനില്‍ക്കില്ലെന്ന സംശയംകൊണ്ടായിരുന്നു. ഈ നിയമത്തെച്ചൊല്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട്‌ അനുഭാവം പുലര്‍ത്തിയ ക്രൈസ്തവവിഭാഗങ്ങള്‍പോലും അസ്വസ്ഥരായി. ബിഷപ്പുമാര്‍ ന്യൂനപക്ഷാവകാശ ലംഘനം ആരോപിച്ച്‌ തെരുവിലിറങ്ങിയപ്പോള്‍ കോളേജ്‌ മാനേജ്‌മെന്റുകളും സര്‍ക്കാരും കോടതികളിലേറ്റുമുട്ടി. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനം സ്തംഭനത്തിലായി. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിലാണിപ്പോള്‍.

സി.പി.എമ്മിലെ പതിവില്ലാത്ത വകുപ്പ്‌ പങ്കുവെയ്പ്‌ തര്‍ക്കത്തിനിടയില്‍ അച്യുതാനന്ദനില്‍നിന്ന്‌ പിണറായി ഗ്രൂപ്പ്‌ പിടിച്ചുവാങ്ങിയ ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിനുവരുത്തിവെച്ച നാണക്കേട്‌ ചില്ലറയായിരുന്നില്ല. പോലീസുമായി ബന്ധപ്പെട്ട കസ്റ്റഡി മരണങ്ങളും മറ്റ്‌ ദുര്‍മരണങ്ങളും തുടര്‍ക്കഥയായപ്പോള്‍ ആഭ്യന്തര മന്ത്രിക്ക്‌ പോലീസിനെ പലവട്ടം പരസ്യമായി ശാസിക്കേണ്ടിവന്നു. അവസാനം, കീഴ്‌വഴക്കങ്ങളില്ലാത്ത വിധത്തില്‍ ആഭ്യന്തര മന്ത്രിക്ക്‌ ഒരുപദേഷ്ടാവിനെ നിയമിക്കുന്നതില്‍വരെ അത്‌ ചെന്നെത്തി.

സ്വകാര്യ മേഖലയ്ക്ക്‌ കരിമണല്‍ ഖാനനം ചെയ്യാന്‍ അനുവദിക്കുന്നതുസംബന്ധിച്ച ഉത്തരവ്‌, എന്‍ഡോസല്‍ഫാന്‍ കീടനാശിനിപ്രയോഗം മൂലം കാസര്‍കോട്‌ മരണങ്ങളുണ്ടായിട്ടില്ലെന്ന്‌ കൃഷി മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി എന്നിവയെല്ലാം ഭരണതലത്തിലെ പിടിപ്പുകേടുകളുടെ പര്യായങ്ങളായിരുന്നു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കാര്‍ഷികാശ്വാസ നടപടികള്‍ ഫലപ്രദമായില്ലെന്ന്‌ ഇപ്പോഴും തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ തെളിയിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ വകയായി പ്രത്യേക ആശ്വാസ പദ്ധതി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്‌.

കൃഷി, പരമ്പരാഗത വ്യവസായം എന്നീ മേഖലകള്‍ക്ക്‌ മുന്നണി സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ഏറെ പ്രത്യാശ പകര്‍ന്നുവെങ്കിലും സാമ്പത്തികക്കുഴപ്പംമൂലം അത്‌ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌. തങ്ങള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഖജനാവില്‍ മിച്ചമുണ്ടായിരുന്നുവെന്ന ഐക്യമുന്നണിയുടെ വാദം തള്ളിക്കളയുകയാണ്‌ ധനമന്ത്രി. എങ്കില്‍ എന്തുകൊണ്ട്‌ ധവള പത്രമിറക്കുന്നില്ലെന്നാണ്‌ പ്രതിപക്ഷത്തിന്റെ ചോദ്യം.

ഭരണത്തിന്‌ തിളക്കം കൂട്ടുന്ന രണ്ട്‌ നീക്കങ്ങള്‍ ഇതിനിടെ കണ്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ചര്‍ച്ച തുടങ്ങിവെച്ച കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ ജീവന്‍വെപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ഇതില്‍ പ്രധാനം. വി.എസ്‌. അച്യുതാനന്ദന്‍, വികസന വിരുദ്ധനാണെന്ന്‌ സി.പി.എമ്മിനകത്തും പുറത്തുമുയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഈ ശ്രമങ്ങള്‍ക്കായി.

കൊക്കക്കോളയും പെപ്‌സി കോളയും നിരോധിക്കാന്‍ ധൈര്യം കാണിച്ചത്‌ കുടിനീരിനുവേണ്ടി പോരാട്ടം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ആവേശം പകര്‍ന്നു. ഒരര്‍ഥത്തില്‍ ഇതൊരു പശ്ചാത്താപ പ്രകടനമായിരുന്നു. ഇടതുമുന്നണിയുടെ കഴിഞ്ഞ ഭരണകാലത്താണ്‌ കോള കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന്‌ ഓര്‍മിക്കണം.

സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന ഒട്ടേറെ പദ്ധതികള്‍ പകുതിവഴിക്ക്‌ മുടങ്ങുകയാണ്‌. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയുമാണ്‌ ഇതിനുദാഹരണം. കോവളം കൊട്ടാരം, മൂന്നാറിലെയും വാഗമണിലേയും ഭൂമി കൈയ്യേറ്റങ്ങള്‍, പെണ്‍വാണിഭ കേസുകള്‍ തുടങ്ങി മുമ്പ്‌ പ്രതിപക്ഷത്തിരുന്നപ്പോള്‍ വീറോടെ ഉന്നയിച്ച ഒട്ടേറെ വിഷയങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരിന്റെ മുന്നിലുണ്ട്‌.

അഴിമതിക്കെതിരായ പോരാട്ടം നടത്തി അധികാരത്തിലേറിയ ഇടതുമുന്നണിക്ക്‌ മൈത്രി ഭവന പദ്ധതി, പുഷ്പകൃഷി പദ്ധതി എന്നിവ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രി പി.ജെ. ജോസഫിനെ പ്രതിരോധിക്കേണ്ടിവന്നു. വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികയെ ജോസഫ്‌അപമാനിച്ചുവെന്ന പരാതികൂടിയായപ്പോള്‍ ധര്‍മ്മസങ്കടത്തിലായിരിക്കുകയാണ്‌ അച്യുതാനന്ദന്‍.

തിരഞ്ഞെടുപ്പിനുമുമ്പേ ഒപ്പം കൂടിയ വിവാദങ്ങള്‍ ഇടതുമുന്നണിയെ പിന്തുടരുന്നുവെന്നതാണ്‌ വസ്തുത. മുന്നണിയെ ആരുനയിക്കണമെന്നായിരുന്നു ആദ്യചോദ്യം. പിണറായി വിജയനോ, വിഎസ്സോ? ജയിച്ചുകഴിഞ്ഞപ്പോള്‍ ആര്‌ മുഖ്യമന്ത്രിയാവണമെന്നായി സംശയം. വി.എസ്സോ, പാലോളി മുഹമ്മദുകുട്ടിയോ?

ഇടതുമുന്നണിയില്‍ പതിവില്ലാത്ത ഇത്തരം തര്‍ക്കങ്ങള്‍മൂലം ഭരിക്കുന്ന പാര്‍ട്ടിയുടേയോ മുന്നണിയുടേയോ രാഷ്ട്രീയ ഇച്ഛാശക്തി ഭരണത്തില്‍ പ്രതിഫലിക്കുന്നില്ല. ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയേ മുഖ്യമന്ത്രിക്കുള്ളൂ എന്ന തോന്നല്‍ വ്യാപകമാകുന്നു. ഭരണത്തിന്‌ ജനകീയ മുഖം നല്‍കുമെന്ന വാഗ്ദാനം പാലിക്കണമെങ്കില്‍ വി.എസ്സിന്‌ ഇനിയുമേറെ അധ്വാനിച്ചേ മതിയാവൂ. കടക്കെണിമൂലം കര്‍ഷകരും പഠിക്കാന്‍ പണമില്ലാത്തതുകൊണ്ട്‌ വിദ്യാര്‍ഥികളും ജീവന്‍ ഒടുക്കുന്നത്‌ തുടരുന്ന നാട്‌ ഭരിക്കുന്ന മന്ത്രിസഭയ്ക്ക്‌ സുഗമമായി മുന്നോട്ടുപോകണമെങ്കില്‍ മികച്ച നേതൃശേഷി പ്രകടിപ്പിച്ചേ മതിയാകൂ. ഈ പോരായ്മ പരിഹരിക്കാന്‍ ഇടതുമുന്നണിയും ഭരണ നേതൃത്വവും തമ്മിലുള്ള അകലം കുറച്ചേ മതിയാവൂ.

ടി. അരുണ്‍കുമാര്‍

news from mathrubhumi.com

4 Comments:

Blogger ചര്‍ച്ചാവേദി said...

മെയ്‌ 18ന്‌ അധികാരമേറ്റ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഇന്ന്‌ 100 ദിവസം തികയ്ക്കുകയാണ്‌. ജനമനസ്സുകളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ കുറിച്ച്‌ നിങ്ങള്‍ വിലയിരുത്തൂ...

10:20 PM, August 24, 2006  
Blogger ബിജോയ്‌ മോഹന്‍ | Bijoy Mohan said...

തന്റെ ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ സമരങ്ങള്‍ നടത്തിയും, ഭരിക്കുന്നവരുടെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചും, പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍, എണ്ണയിട്ട ചക്രം പോലെ പാര്‍ട്ടിയെ നയിച്ചതുമായിരുന്നു വി.സ്സ്‌.ന്റെ experience. അതിനാല്‍ "വികസന വിരോധി" എന്ന പേരും അദ്‌ദേഹം നേടി. ഇന്ന് അദ്‌ദേഹം ഇരിക്കുന്നത്‌ വേറൊരു കസേരയില്‍. അതിന്റെ ബുദ്ദിമുട്ടുകള്‍ അനുഭവിക്കുയാണദ്‌ദേഹം. വിമര്‍ശിക്കാന്‍ എളുപ്പവും, ഭരിക്കാന്‍ പ്രയാസവുമാണെന്ന് മനസ്സിലാവുന്ന നേരം.

ഇടുക്കിയിലെ വനങ്ങളില്‍ കഞ്ചാവ്‌ തേടിപ്പോയ ഒരു കാലമുണ്ടായിരുന്നു. ഇപ്പോഴും അവിടെ കഞ്ചാവ്‌ തഴച്ചു വളരുന്നുണ്ട്‌.. 100 ദിവസത്തിനുള്ളല്‍ എന്തു നടപടി സ്വീകരിച്ചു..??

സ്വാശ്രയത്തില്‍ മത മേലാധികാരികളുടെ മുന്നില്‍ അടിയറ പറയാതെ, അതേസമയം വിദ്യാര്‍ത്‌ഥികളുടെ ഭാവി പന്താടാതെ ഇത്‌ അവസാനിപ്പികാന്‍ കഴിഞ്ഞിട്ടില്ല. നല്ലൊരു പങ്കും തമിള്‍നാട്ടിലും, കര്‍ണ്ണാടകയിലും ചേര്‍ന്ന് കഴിഞ്ഞു. കോടിക്കണക്കിനു രൂപയുടെ നഷ്‌ട്ടം.

കസ്‌റ്റടി മരണങ്ങള്‍ സര്‍ക്കാരിന്റെ പ്രതിഛായക്ക്‌ നല്ലൊരു വിധത്തില്‍ കോട്ടം വരുത്തി.

ഇതു വരെ ഒരു വ്യവാസ നയമോ, വിദ്യാഭ്യാസ നയമോ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല.

മന്ത്രിമാരായ ഗുരുദാസനും, പാലോളിയും, പ്രേമചന്ദ്രനും എന്തു ചെയ്യുന്നു എന്നറിയാന്‍ ആകാംഷയുണ്ട്‌.

സുധാകരന്‍ തന്റെ വാചക കസര്‍ത്തിലും, ജോസഫ്‌ അറിയാതെ ചെയ്യ്‌ത്‌ പോയ കുറ്റത്തിലും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു.

കോള നിരോധിച്ച്‌ നൂറുകണക്കിനാളുകളുടെ ജിവിതം നരഗതുല്ല്യമാക്കി. ബംഗാളില്‍ ടെസ്റ്റ്‌ ചെയ്യ്തപ്പോള്‍ നെഗറ്റീവും ഇവിടുത്തെ ടെസ്റ്റ്‌ പോസറ്റീവും ആയത്‌ രാഷ്ട്രീയത്തിനതീതമല്ലേ...??? ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കുന്നത്‌ അരിയിലും, പയറു വര്‍ഗ്ഗങ്ങളിലുമാണെന്നിരിക്കെ, ഇത്‌ നിരോധിക്കാന്‍ സര്‍ക്കരിനു കഴിയുമോ...???

കര്‍ഷകരുടെ ആത്മഹത്യാനിരക്ക്‌ കുറയ്ക്കാന്‍ കഴിഞ്ഞു. ആത്മഹത്യ നടത്തിയാലെ കടങ്ങള്‍ എഴുതി തള്ളൂ എന്നു പറയുന്നത്‌ ആതമഹത്യാപരമല്ലേ.

കരുണാനിധി സര്‍ക്കരിന്റെ 100 ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, ഡെല്‍ഹിലെ ഇംഗ്ലീഷു പത്രങ്ങളില്‍ മുഴുവന്‍ പേജ്‌ പരസ്യങ്ങള്‍ വന്നു. അതില്‍ മുഴുവന്‍ 100 ദിവസംകൊണ്ട്‌ ചെയ്യ്‌ത കാര്യങ്ങളാണ്‌. എന്നാല്‍ കാല്‍ പേജില്‍ ഒതുങ്ങുന്ന കാര്യങ്ങളെങ്കിലും ചെയ്യ്‌തോ ഇവിടെ...

ശരിയാണ്‌ 100 ദിവസങ്ങല്‍കൊണ്ട്‌ ഒരു സര്‍ക്കാരിനെ വിധി എഴുതാന്‍ കഴിയില്ല എന്നാലും......

12:34 AM, August 25, 2006  
Blogger പല്ലി said...

വി.എസ്സ്.എന്ന മനുഷ്യനെ എനിക്കും ഇഷ്ടമാണു.
എല്ലാരെക്കാളും.
പക്ഷെ ചില അഭിപ്രായപ്രകടനങ്ങള്‍
സ്വന്തം പ്രതിഛായയ്കു വേണ്ടിയാണൊ
എന്നു തോന്നിപ്പോകുന്നു

12:38 AM, August 25, 2006  
Blogger ശിശു said...

ഏറ്റവും അധികം മുല്യശോഷണം സംഭവിച്ച മലയാള വക്കുകളിലൊന്നാണ്‌ 'ഇടതുപക്ഷം' എന്നത്‌ വിരോധാഭാസമാണ്‌. ഈ അളവുകോല്‍ വെച്ചുമാത്രമേ ഈസര്‍ക്കാരിനെയും അളക്കേണ്ടതുള്ളൂ. ഏകപ്രതീക്ഷ അച്ഛ്യുതാനന്ദന്‍ എന്ന മനുഷ്യന്‍ മാത്രമാണു..സ്വന്തം ഇച്ഛാശക്തികൊണ്ടുമാത്രം ആകണം,കാസര്‍ഗോട്ടെ,കീടനാശിനിപ്രയോഗം മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ നഷ്ടപരിഹാരം (നാമമാത്രമെങ്കിലും)നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. നമുക്ക്‌ കുറച്ചുകൂടി കാത്തിരിക്കാം.

12:55 AM, August 25, 2006  

Post a Comment

<< Home