ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Monday, December 11, 2006

എന്‍.സി.പി യെ ഇടതുമുന്നണി പുറത്താക്കി

തിരുവനന്തപുരം: എന്‍.സി.പി. യെ ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്താക്കി. തിങ്കളാഴ്ച തലസ്ഥാനത്ത്‌ ചേര്‍ന്ന എല്‍. ഡി. എഫ്‌ യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌. തിങ്കളാഴ്ച രാവിലെ യോഗം ആരംഭിച്ചപ്പോള്‍ തന്നെ അജന്‍ഡയിലെ ആദ്യഇനമായി എന്‍.സി.പി.പ്രശ്നം ഉന്നയിക്കപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ ഇരിക്കുന്നത്‌ ശരിയല്ലെന്ന്‌ സി.പി.എം സിക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്ന്‌ പുറത്തിറങ്ങി.യോഗം തുടര്‍ന്ന്‌ നടത്തിയ ചര്‍ച്ചയിലാണ്‌ എന്‍.സി. പി യെ മുന്നണിയില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം എടുത്തത്‌.തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡി. ഐ.സി.യുമായി മുന്നണി ബന്ധം വേണ്ട എന്ന്‌ നേരത്തെ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനമെന്ന്‌ വൈക്കം വിശ്വന്‍ വ്യക്തമാക്കി.സി.പി.എം കേന്ദ്രക്കമ്മിറ്റിയുടെ വ്യക്തമായ നിര്‍ദ്ദേശപ്രകാരമാണ്‌ ഈ തീരുമാനമെന്ന്‌ രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നു. സി.പി.എമ്മിലെ വി.എസ്‌.പക്ഷത്തിന്റെയും ഘടകകക്ഷിയായ സി.പി. ഐ.യുടെയും വിജയമാണ്‌ ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.എന്‍.സി.പി നേതൃത്വം രൂക്ഷമായാണ്‌ തീരുമാനത്തോട്‌ പ്രതികരിച്ചത്‌. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ സഹായം തേടിയ ശേഷം എടുത്ത തീരുമാനം വഞ്ചനാപരമായെന്ന്‌ അവര്‍ ആക്ഷേപിച്ചു.
News from mathrubhumi.com

8 Comments:

Blogger ചര്‍ച്ചാവേദി said...

എന്‍.സി.പി യെ ഇടതുമുന്നണിയില്‍ നിന്ന് പുറത്താക്കിയതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്‌?

12:32 AM, December 11, 2006  
Blogger കുട്ടന്മേനൊന്‍::KM said...

അടുത്ത ഇലക്ഷനിലും കരുണാകരന്‍ ഇടതുമുന്നണിക്കുവേണ്ടി വോട്ടുപിടിക്കുമെന്ന് ഉറപ്പുള്ളപ്പോള്‍ കാരണവര്‍ അകത്തായാലെന്താ പുറത്തായാലെന്താ..

12:35 AM, December 11, 2006  
Blogger അഗ്രജന്‍ said...

മുരളിയു‌ടെ ‘ഉടനെ തന്നെ യു.ഡി.എഫ്. ലേക്കില്ല’ എന്ന പ്രസ്താവനയാണ് എനിക്കേറ്റവും രസിച്ചത്.

2:19 AM, December 11, 2006  
Blogger രാജു ഇരിങ്ങല്‍ said...

അഗ്രജന്‍ : യു സെഡ് ഇറ്റ്. ഞാന്‍ എഴുതി കൊണ്ടിരിക്കുകയായിരുന്നു.
അച്ഛന്‍ മരിക്കും മുമ്പ് അധികാരത്തിലെത്തിയെല്ലെങ്കില്‍ പിന്നെ ഒന്നുമാവില്ലെന്ന് മുരളിക്കും നമുക്കുമറിയാമല്ലൊ.

2:27 AM, December 11, 2006  
Blogger മൈനാഗന്‍ said...

മുരളിയേക്കാള്‍/കരുണമയനെക്കാള്‍ തൊലിക്കട്ടി തനിക്കാണെന്ന്‌ തെളിയിക്കാന്‍ മിന്നല്‍പ്പിണറയിക്ക്‌ കിട്ടിയ ഒടുക്കാത്തെ ചാന്‍സ്‌! കൈകൊട്‌ വെളിയം. കൈകൊട്‌ ചന്ദ്രചൂഢാ. ഈര്‍ക്കിലിയെന്ന്‌ കളിയാക്കിയാലും നാട്ടെല്ലൊണ്ടെന്ന്‌ തെളിയിച്ചല്ലോ.
ഇനിയിപ്പോ 'ഗുരുവായൂര്‍ ഭജനയും നാരയണിയവും' ഇത്തിരി മുറുക്കത്തിലാവാം ല്ലേ മാളോരേ?

6:59 AM, December 11, 2006  
Blogger ദില്‍ബാസുരന്‍ said...

വ്യക്തമായ പ്രഖ്യാപിത ലക്ഷ്യങ്ങളൊന്നുമില്ലാത്ത,ഭരണത്തില്‍ ക്രിയാത്മകമായി പങ്ക്കൊള്ളുമെന്ന് വിശ്വസിക്കാന്‍ നിവര്‍ത്തിയില്ലാത്ത, അധികാരത്തിന് വേണ്ടി മാത്രം അധികാരം അഥവാ politics for the sake of politics എന്ന രീതിയിലുള്ള,ജനാധിപത്യത്തിന് തന്നെ അപമാനം വരുത്തുന്ന ഈ രാഷ്ട്രീയക്കോലങ്ങള്‍ക്കേറ്റ തിരിച്ചടിയില്‍ ഞാന്‍ മനസ്സ് നിറഞ്ഞ് ആനന്ദിയ്ക്കുന്നു.

ഭാരത് മാതാ കീ ജയ്! :-)

7:19 AM, December 11, 2006  
Blogger തകര്‍പ്പന്‍ said...

എന്തായാലും നന്നായി. കരുണ്‍ജിയുടെയും മക്കളുടെയും അടുത്ത പ്രകടനമെന്തായിരിക്കും എന്നറിയാന്‍ കൗതുകം തോന്നുന്നു. കാത്തിരിക്കാം

11:09 AM, December 12, 2006  
Blogger ::സിയ↔Ziya said...

വിവേകം വൈകിയുമുദിക്കാം...
രാഷ്ട്രീയത്തെക്കുറിച്ചു തന്നെയാണ് പറയുന്നത്.ഏറെയൊന്നുമില്ല. ഏതാനും വരികള്‍ മാത്രം. ചീഞ്ഞളിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന വൃത്തികെട്ട കക്ഷിരാഷ്ട്രീയത്തെക്കുറിച്ചുംനമ്മുടെ രാഷ്ട്രത്തിനു വേണ്ട ശരിയായ രാഷ്ട്രീയത്തെക്കുറിച്ചും...
ദുഷിച്ച കക്ഷിരാഷ്ട്രീയം നമ്മുടെ നാടിനെ എവിടെക്കൊണ്ടെത്തിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ വലിയ ഗവേഷണമൊന്നും വേണ്ട. വൃത്തികെട്ട രാഷ്ട്രീയക്കാരുടെ സഹിക്കാനാവാത്ത തെമ്മാടിത്തരങ്ങള്‍ നമ്മെ എത്രത്തോളം ദുരിതത്തിലെത്തിലെത്തിക്കാമോ അതിന്റെ മൂര്‍ദ്ധന്യത്തിലേക്ക് തന്നെ എത്തിച്ചിരിക്കുന്നു. കേരളപ്പിറവി മുതല്‍ തന്നെ ഈ ചൂഷണം നമ്മള്‍ സഹിക്കുന്നു; സാക്ഷാല്‍ ഇ.എം.എസ് എന്ന അതിവക്രബുദ്ധിയുടെ മന്ത്രിസഭ മുതലിങ്ങോട്ട് നാം എന്തൊക്കെ സഹിച്ചു? നാടിനെക്കുറിച്ചും നാടിന്റെ ഭാവിയെക്കുറിച്ചും സമഗ്രകാഴ്ച്ചപ്പാടും വ്യക്തമായ വീക്ഷണവുമില്ലാത്ത രാഷ്ട്രീയ നേതാക്കന്മാര്‍ എല്ലാവരും ചേര്‍ന്ന് അമ്പതാണ്ടത്തെ കേരളത്തെ അഞ്ഞൂറാണ്ട് പിന്നാക്കം നടത്തിച്ചു. സ്വാര്‍ത്ഥലാഭങ്ങള്‍ക്കാ‍യി രാഷ്ട്രീയനേതൃത്വം മെനെഞ്ഞെടുത്ത സമരാഭാസങ്ങള്‍ നമുക്കു വരുത്തിയ കൊടും നഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരുമാണ്. എന്നിട്ടും നാം പിന്തിരിപ്പന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സിന്ദാബാദ് വിളിച്ചു നമ്മുടെ വിലപ്പെട്ട സമയങ്ങള്‍ ദുര്‍വ്യയം ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ ഏതാനും കുട്ടിനേതാക്കന്മാരുടെ ഭാവി ശോഭനമാക്കാന്‍ ഇന്നും വിപ്ലവപ്പാട്ടു പാടി തെരുവില്‍ അടിമേടിച്ചു സ്വന്തം ഭാവി ഇരുളടഞ്ഞതാക്കുന്നു.
വിവേകം നമുക്കു വൈകിയുമുദിക്കാം...തലതിരിഞ്ഞ രാഷ്ട്രീയ നേതാക്കളെ നിലക്കു നിര്‍ത്താന്‍ ജനമെന്ന മഹാശക്തിക്ക് കഴിയുകതന്നെ ചെയ്യും...നമ്മെ ഭരിക്കേണ്ട, നാട് ഭരിക്കേണ്ട മന്ത്രിപുംഗവര്‍ പോലും തമ്മില്‍ത്തല്ലുന്ന, നാ‍ട് അരാജകത്വത്തിലേക്ക് നീങ്ങുന്ന ഈ വര്‍ത്തമാനത്തിലെങ്കിലും നാം ഉണരണം, ഉണര്‍ന്നേ പറ്റൂ...
എല്ലാ അര്‍ത്ഥത്തിലും അധപ്പതിച്ച രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കെതിരേ ആരെങ്കിലും ശബ്ദിക്കുന്നത് മഹാപാപമാണ് രാഷ്ട്രീയക്കാരുടെ കണ്ണില്‍! അവര്‍ നമ്മെ അരാഷ്ട്രീയ വാദികളാക്കിക്കളയും. ജനാധിപത്യവിരുദ്ധരാക്കും. നമ്മെ ഭരിക്കേണ്ടവരെ നാം തെരഞ്ഞെടുക്കുന്ന മഹത്തരമായ പ്രക്രിയ ആണ് ജനാധിപത്യം എന്നാണ് വെപ്പ്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവര്‍ ചെയ്യുന്ന എല്ലാ വൃത്തികേടുകള്‍ക്കും മറയായി പിടിക്കുന്ന പ്രതിരോധായുധമായി ജനാധിപത്യം മാറിപ്പോയി എന്ന വസ്തുത നാം മനസ്സിലാക്കണം. ജനാധിപത്യം ശുദ്ധീകരിക്കപ്പെടണം. ശരാശരി മലയാളിയുടെ മനസ്സിലെ പഴഞ്ചന്‍ രാഷ്ട്രീയ സങ്കല്‍പ്പങ്ങള്‍ നാം തച്ചുടക്കണം. നമ്മെ ഭരിക്കാന്‍ യോഗ്യതയും അറിവും വിവേകവും വികസന കാഴ്ച്ചപ്പാടുമുള്ളവരെ മാത്രം നമ്മുടെ നേതാക്കളായി കാണാന്‍ പാകത്തില്‍ നമ്മുടെ മനസ്സ് നാം വിശാലമാക്കണം. അല്ലാത്തവര്‍ മാനിക്കപ്പെടരുത്. ഇത്തരം ദേശവിരുദ്ധരായ നേതാക്കളെ സഹിക്കുന്നത് അങ്ങേയറ്റം അവികസിതമായ ഒരു രാജ്യത്തിന്റെ ലക്ഷണമാണെന്ന വസ്തുത നാം തിരിച്ചറിയാതെ പോകുന്നു. ഇരുമുന്നണികളുടെയും ഈര്‍ക്കില്‍പ്പാര്‍ട്ടികളുടെയും അത്യാഗ്രഹങ്ങള്‍ അവരുടെ പട്ടടയില്‍ അടങ്ങണം. പൊതുജനം കഴുത എന്ന് പകലന്തിയോളം ജല്‍പ്പിക്കുന്നത് രാഷ്ട്രീയക്കാര്‍ മാത്രമാണെങ്കിലും ഇത്രനാളും നാമതു ശരിവെക്കുകയായിരുന്നു. അങ്ങനെയല്ലെന്നു നാം അവരെ ബോധ്യപ്പെടുത്തിയില്ലെങ്കില്‍, വിവേകം നമുക്കു വൈകിയുമുദിച്ചില്ലെങ്കില്‍...

11:43 PM, December 19, 2006  

Post a Comment

<< Home