ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Thursday, August 24, 2006

നൂറില്‍ എത്ര മാര്‍ക്ക്‌?

മെയ്‌ 18ന്‌ അധികാരമേറ്റ വി.എസ്‌.അച്യുതാനന്ദന്‍ മന്ത്രിസഭ ഇന്ന്‌ 100 ദിവസം തികയ്ക്കുകയാണ്‌. ജനമനസ്സുകളില്‍ ഏറെ പ്രതീക്ഷകള്‍ നല്‍കിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനചിത്രം രാഷ്ട്രീയാതീതമായ വിലയിരുത്തലുകളിലൂടെ....

നൂറുദിവസത്തെ ഭരണം എന്തുനേട്ടമുണ്ടാക്കിയെന്ന ചോദ്യത്തിന്‌ വലിയ പ്രസക്തിയില്ല. ചില മികച്ച തുടക്കങ്ങളുണ്ട്‌. ഒപ്പം ഒഴിവാക്കാന്‍ കഴിയുമായിരുന്ന ചില വീഴ്ചകളും.ഭരണ രംഗത്ത്‌ ഇ.എം.എസ്സോ, ഇ.കെ. നായനാരോ അല്ല വി.എസ്‌. അച്യുതാനന്ദന്‍.
എന്നാല്‍ അവര്‍ക്കില്ലാത്ത കുറേ ശാഠ്യങ്ങളും കാര്‍ക്കശ്യങ്ങളുമുണ്ട്‌ വി.എസിന്‌. ഭരണം നടത്തുന്നത്‌ ഒരു മുന്നണിയാവുമ്പോള്‍ അത്‌ നല്ലതോ ചീത്തയോ എന്നത്‌ വേറെ കാര്യം.

ഇ.എം.എസിനും നായനാര്‍ക്കും നേരിടേണ്ടിവന്നതിനേക്കാള്‍ വളരെ വ്യത്യസ്തവും പ്രശ്ന സങ്കീര്‍ണവുമാണ്‌ അച്യുതാനന്ദന്റെ മുന്നിലുള്ള രാഷ്ട്രീയ സാഹചര്യം. വി.എസിന്റെ മുന്‍ഗാമികള്‍ ഇടതുമുന്നണി മന്ത്രിസഭകള്‍ക്ക്‌ നേതൃത്വം കൊടുത്ത കാലഘട്ടങ്ങളിലൊന്നും ഇത്രകലുഷിതമായിരുന്നില്ല സി.പി.എമ്മിനകത്തെ സ്ഥിതി. അന്നൊക്കെ തര്‍ക്കമുണ്ടായിരുന്നുവെങ്കില്‍തന്നെ അത്‌ ആശയരാഷ്ട്രീയ സമരങ്ങള്‍ ആയിരുന്നു എന്നായിരുന്നു നിഗമനം. ഇന്നിപ്പോള്‍, ബൂര്‍ഷ്വാ കക്ഷികളെ വെല്ലുന്നതരത്തിലുള്ളതാണ്‌ ഗ്രൂപ്പുപ്രവര്‍ത്തനം. സി.പി.എം. ഇത്‌ തുറന്നുസമ്മതിക്കുന്നില്ലെങ്കിലും, സംസ്ഥാന ഘടകത്തിലെ ചേരിപ്പോരുകള്‍ പറഞ്ഞൊതുക്കാന്‍ പോളിറ്റ്‌ ബ്യൂറോ കൂടെക്കൂടെ ഇടപെടുന്നത്‌ ഇതിന്റെ തെളിവാണ്‌. അച്യുതാനന്ദനും മുന്നണി സര്‍ക്കാരും നേരിടുന്ന യഥാര്‍ഥ പ്രതിസന്ധി ഇതാണ്‌. ഭരണം പ്രതീക്ഷിച്ചത്ര ഭംഗിയായും ചിട്ടയായും മുന്നോട്ടുപോകുന്നില്ല എന്ന വിമര്‍ശനത്തിന്റെ കാരണവും മറ്റൊന്നല്ല.

രാഷ്ട്രീയമായ അനിവാര്യതമൂലം ധൃതിപിടിച്ച്‌ കൊണ്ടുവന്ന സ്വാശ്രയ വിദ്യാഭ്യാസനിയമം സൃഷ്ടിച്ച കോളിളക്കം ഇടതുമുന്നണിക്ക്‌ നേട്ടമോ കോട്ടമോ ഉണ്ടാക്കിയതെന്ന്‌ കാലത്തിനേ വിലയിരുത്താനാവൂ. വിദ്യാഭ്യാസരംഗത്ത്‌ സാമൂഹിക നിയന്ത്രണം ഉറപ്പാക്കുക എന്ന സദുദ്ദേശംവെച്ച്‌ നിയമസഭയില്‍ അവതരിപ്പിച്ച ബില്‍ ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍പ്പെടുത്തി സംരക്ഷിക്കണമെന്ന ആവശ്യം എല്‍.ഡി.എഫ്‌. ഉന്നയിച്ചതുതന്നെ നിയമം നിലനില്‍ക്കില്ലെന്ന സംശയംകൊണ്ടായിരുന്നു. ഈ നിയമത്തെച്ചൊല്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോട്‌ അനുഭാവം പുലര്‍ത്തിയ ക്രൈസ്തവവിഭാഗങ്ങള്‍പോലും അസ്വസ്ഥരായി. ബിഷപ്പുമാര്‍ ന്യൂനപക്ഷാവകാശ ലംഘനം ആരോപിച്ച്‌ തെരുവിലിറങ്ങിയപ്പോള്‍ കോളേജ്‌ മാനേജ്‌മെന്റുകളും സര്‍ക്കാരും കോടതികളിലേറ്റുമുട്ടി. സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജ്‌ പ്രവേശനം സ്തംഭനത്തിലായി. ആയിരക്കണക്കിന്‌ വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളും നിസ്സഹായാവസ്ഥയിലാണിപ്പോള്‍.

സി.പി.എമ്മിലെ പതിവില്ലാത്ത വകുപ്പ്‌ പങ്കുവെയ്പ്‌ തര്‍ക്കത്തിനിടയില്‍ അച്യുതാനന്ദനില്‍നിന്ന്‌ പിണറായി ഗ്രൂപ്പ്‌ പിടിച്ചുവാങ്ങിയ ആഭ്യന്തര വകുപ്പ്‌ സര്‍ക്കാരിനുവരുത്തിവെച്ച നാണക്കേട്‌ ചില്ലറയായിരുന്നില്ല. പോലീസുമായി ബന്ധപ്പെട്ട കസ്റ്റഡി മരണങ്ങളും മറ്റ്‌ ദുര്‍മരണങ്ങളും തുടര്‍ക്കഥയായപ്പോള്‍ ആഭ്യന്തര മന്ത്രിക്ക്‌ പോലീസിനെ പലവട്ടം പരസ്യമായി ശാസിക്കേണ്ടിവന്നു. അവസാനം, കീഴ്‌വഴക്കങ്ങളില്ലാത്ത വിധത്തില്‍ ആഭ്യന്തര മന്ത്രിക്ക്‌ ഒരുപദേഷ്ടാവിനെ നിയമിക്കുന്നതില്‍വരെ അത്‌ ചെന്നെത്തി.

സ്വകാര്യ മേഖലയ്ക്ക്‌ കരിമണല്‍ ഖാനനം ചെയ്യാന്‍ അനുവദിക്കുന്നതുസംബന്ധിച്ച ഉത്തരവ്‌, എന്‍ഡോസല്‍ഫാന്‍ കീടനാശിനിപ്രയോഗം മൂലം കാസര്‍കോട്‌ മരണങ്ങളുണ്ടായിട്ടില്ലെന്ന്‌ കൃഷി മന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി എന്നിവയെല്ലാം ഭരണതലത്തിലെ പിടിപ്പുകേടുകളുടെ പര്യായങ്ങളായിരുന്നു. ആത്മഹത്യചെയ്ത കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളിയെങ്കിലും കാര്‍ഷികാശ്വാസ നടപടികള്‍ ഫലപ്രദമായില്ലെന്ന്‌ ഇപ്പോഴും തുടരുന്ന കര്‍ഷക ആത്മഹത്യകള്‍ തെളിയിക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ വകയായി പ്രത്യേക ആശ്വാസ പദ്ധതി കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയും മങ്ങുകയാണ്‌.

കൃഷി, പരമ്പരാഗത വ്യവസായം എന്നീ മേഖലകള്‍ക്ക്‌ മുന്നണി സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ഏറെ പ്രത്യാശ പകര്‍ന്നുവെങ്കിലും സാമ്പത്തികക്കുഴപ്പംമൂലം അത്‌ നടപ്പാക്കാന്‍ പറ്റാത്ത സാഹചര്യമാണ്‌. തങ്ങള്‍ ഇറങ്ങിപ്പോകുമ്പോള്‍ ഖജനാവില്‍ മിച്ചമുണ്ടായിരുന്നുവെന്ന ഐക്യമുന്നണിയുടെ വാദം തള്ളിക്കളയുകയാണ്‌ ധനമന്ത്രി. എങ്കില്‍ എന്തുകൊണ്ട്‌ ധവള പത്രമിറക്കുന്നില്ലെന്നാണ്‌ പ്രതിപക്ഷത്തിന്റെ ചോദ്യം.

ഭരണത്തിന്‌ തിളക്കം കൂട്ടുന്ന രണ്ട്‌ നീക്കങ്ങള്‍ ഇതിനിടെ കണ്ടു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്‍കൈയെടുത്ത്‌ ചര്‍ച്ച തുടങ്ങിവെച്ച കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പദ്ധതിക്ക്‌ ജീവന്‍വെപ്പിക്കാന്‍ കഴിഞ്ഞതാണ്‌ ഇതില്‍ പ്രധാനം. വി.എസ്‌. അച്യുതാനന്ദന്‍, വികസന വിരുദ്ധനാണെന്ന്‌ സി.പി.എമ്മിനകത്തും പുറത്തുമുയര്‍ന്ന ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഈ ശ്രമങ്ങള്‍ക്കായി.

കൊക്കക്കോളയും പെപ്‌സി കോളയും നിരോധിക്കാന്‍ ധൈര്യം കാണിച്ചത്‌ കുടിനീരിനുവേണ്ടി പോരാട്ടം നടത്തുന്ന പ്രസ്ഥാനങ്ങള്‍ക്കും പരിസ്ഥിതിവാദികള്‍ക്കും ആവേശം പകര്‍ന്നു. ഒരര്‍ഥത്തില്‍ ഇതൊരു പശ്ചാത്താപ പ്രകടനമായിരുന്നു. ഇടതുമുന്നണിയുടെ കഴിഞ്ഞ ഭരണകാലത്താണ്‌ കോള കമ്പനികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന്‌ ഓര്‍മിക്കണം.

സംസ്ഥാനത്തിന്റെ ഭാവിഭാഗധേയം നിര്‍ണയിക്കുന്ന ഒട്ടേറെ പദ്ധതികള്‍ പകുതിവഴിക്ക്‌ മുടങ്ങുകയാണ്‌. കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിയും വിഴിഞ്ഞം തുറമുഖ പദ്ധതിയുമാണ്‌ ഇതിനുദാഹരണം. കോവളം കൊട്ടാരം, മൂന്നാറിലെയും വാഗമണിലേയും ഭൂമി കൈയ്യേറ്റങ്ങള്‍, പെണ്‍വാണിഭ കേസുകള്‍ തുടങ്ങി മുമ്പ്‌ പ്രതിപക്ഷത്തിരുന്നപ്പോള്‍ വീറോടെ ഉന്നയിച്ച ഒട്ടേറെ വിഷയങ്ങള്‍ പരിഹരിക്കാനായി സര്‍ക്കാരിന്റെ മുന്നിലുണ്ട്‌.

അഴിമതിക്കെതിരായ പോരാട്ടം നടത്തി അധികാരത്തിലേറിയ ഇടതുമുന്നണിക്ക്‌ മൈത്രി ഭവന പദ്ധതി, പുഷ്പകൃഷി പദ്ധതി എന്നിവ സംബന്ധിച്ച ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്ത്രി പി.ജെ. ജോസഫിനെ പ്രതിരോധിക്കേണ്ടിവന്നു. വിമാനയാത്രയ്ക്കിടയില്‍ സഹയാത്രികയെ ജോസഫ്‌അപമാനിച്ചുവെന്ന പരാതികൂടിയായപ്പോള്‍ ധര്‍മ്മസങ്കടത്തിലായിരിക്കുകയാണ്‌ അച്യുതാനന്ദന്‍.

തിരഞ്ഞെടുപ്പിനുമുമ്പേ ഒപ്പം കൂടിയ വിവാദങ്ങള്‍ ഇടതുമുന്നണിയെ പിന്തുടരുന്നുവെന്നതാണ്‌ വസ്തുത. മുന്നണിയെ ആരുനയിക്കണമെന്നായിരുന്നു ആദ്യചോദ്യം. പിണറായി വിജയനോ, വിഎസ്സോ? ജയിച്ചുകഴിഞ്ഞപ്പോള്‍ ആര്‌ മുഖ്യമന്ത്രിയാവണമെന്നായി സംശയം. വി.എസ്സോ, പാലോളി മുഹമ്മദുകുട്ടിയോ?

ഇടതുമുന്നണിയില്‍ പതിവില്ലാത്ത ഇത്തരം തര്‍ക്കങ്ങള്‍മൂലം ഭരിക്കുന്ന പാര്‍ട്ടിയുടേയോ മുന്നണിയുടേയോ രാഷ്ട്രീയ ഇച്ഛാശക്തി ഭരണത്തില്‍ പ്രതിഫലിക്കുന്നില്ല. ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെ പിന്തുണയേ മുഖ്യമന്ത്രിക്കുള്ളൂ എന്ന തോന്നല്‍ വ്യാപകമാകുന്നു. ഭരണത്തിന്‌ ജനകീയ മുഖം നല്‍കുമെന്ന വാഗ്ദാനം പാലിക്കണമെങ്കില്‍ വി.എസ്സിന്‌ ഇനിയുമേറെ അധ്വാനിച്ചേ മതിയാവൂ. കടക്കെണിമൂലം കര്‍ഷകരും പഠിക്കാന്‍ പണമില്ലാത്തതുകൊണ്ട്‌ വിദ്യാര്‍ഥികളും ജീവന്‍ ഒടുക്കുന്നത്‌ തുടരുന്ന നാട്‌ ഭരിക്കുന്ന മന്ത്രിസഭയ്ക്ക്‌ സുഗമമായി മുന്നോട്ടുപോകണമെങ്കില്‍ മികച്ച നേതൃശേഷി പ്രകടിപ്പിച്ചേ മതിയാകൂ. ഈ പോരായ്മ പരിഹരിക്കാന്‍ ഇടതുമുന്നണിയും ഭരണ നേതൃത്വവും തമ്മിലുള്ള അകലം കുറച്ചേ മതിയാവൂ.

ടി. അരുണ്‍കുമാര്‍

news from mathrubhumi.com

Wednesday, August 23, 2006

പ്രവാസിയുടെ കണ്ണീര്‍.

പ്രവാസികളെ വിശേഷിച്ചും ഗള്‍ഫ്‌ മലയാളികളെ നേരിട്ടു ബാധിക്കുന്ന ഒരു വിഷയം ചര്‍ച്ചാവേദിയില്‍ അവതരിപ്പിച്ചതിന്‌ അഭിനന്ദനങ്ങള്‍. വിചാരിച്ചതുപോലെ തന്നെ ഗള്‍ഫ്‌ മലയാളിയ്ക്കു മാത്രം മനസ്സിലാകുന്ന ഈ പ്രശ്നത്തെക്കുറിച്ച്‌ നാട്ടിലുള്ള പലര്‍ക്കും തെറ്റായ ധാരണകളാണുള്ളതെന്നതിന്‌ ഒന്നാന്തരം ഉദാഹരണമാണ്‌ "ഡെസ്പറേറ്റിന്റെ" തലതിരിഞ്ഞ ചിന്തകള്‍. അഡ്വ:തമ്പാന്‍ യുക്തമായ മറുപടി നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നില്ല.

ഗള്‍ഫിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച്‌ പലര്‍ക്കും വ്യക്തതയില്ലാത്തതിനാല്‍ ചെറിയൊരു വിവരണം അസ്ഥാനത്താവില്ല എന്നു കരുതുന്നു."ഗള്‍ഫുകാരനെക്കുറിച്ച്‌" പണ്ടുമുതലേ നമ്മുടെ മനസ്സില്‍ കൊത്തിവച്ച ഒരു ചിത്രമുണ്ട്‌. അത്തറും പൂശി, ഫോറിന്‍ സിഗററ്റുമൊക്കെ വലിച്ച്‌ പത്രാസില്‍ ലോഹ്യം ചോദിച്ച്‌ വരുന്ന ഒരു പുത്തന്‍പണക്കാരന്റെ രൂപം. നാട്ടിലെ സാധാരണക്കാര്‍ അസൂയയോടെ മാത്രം നോക്കിയിരുന്ന ഒരു കാലം. ഗള്‍ഫുകാരനോട്‌ ആരും ജോലിയെന്തെന്ന്‌ ചോദിക്കാറില്ല. ചോദിച്ചാല്‍ തന്നെ മറുപടി ഒന്നുകില്‍ കമ്പനിയില്‍ അല്ലെങ്കില്‍ ബിസിനസ്‌ എന്നായിരിയ്ക്കും. (അവന്‍ വെള്ളം പോലെ ചിലവാക്കുന്ന ഓരോ ചില്ലിനാണയത്തിലും അവന്റെ വിയര്‍പ്പും കണ്ണീരും പറ്റിയിരിപ്പുണ്ടെന്ന്‌ ആരറിയുന്നു?) ചെറുപ്പത്തില്‍ എന്റെയും ധാരണകള്‍ ഇങ്ങനെയൊക്കെ ആയിരുന്നു. ഞാനൊരു "ഗള്‍ഫുകാരന്‍" ആയപ്പോഴാണ്‌ നാട്ടിലെ പത്രാസുകാരന്‍ ഗള്‍ഫ്‌കാരന്റെ യഥാര്‍ത്ഥ അവസ്ഥ കണ്ടറിയുന്നത്‌!

ഗള്‍ഫില്‍ ഉദ്ദേശം 15 ലക്ഷത്തോളം മലയാളികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. (ഈ കണക്കില്‍ പെടാത്ത പതിനായിരങ്ങള്‍ വേറെയുമുണ്ട്‌). ഇതില്‍ 80 ശതമാനത്തിലധികവും താഴ്‌ന്ന വരുമാനക്കാരായ ലേബര്‍ ജോലിക്കാരാണ്‌.
നാട്ടില്‍ വിസയ്ക്കു കാശു കൊടുക്കുമ്പോള്‍ മുതല്‍ ഇവരുടെ മേല്‍ ചൂഷണം ആരംഭിയ്ക്കുന്നു. ഞാന്‍ ജോലി ചെയ്യുന്ന മുനിസിപ്പാലിറ്റിയില്‍ ക്ലീനിംഗ്‌ ജോലിയ്ക്കായി ഇയ്യിടെ പത്തോളം മലയാളി ചെറുപ്പക്കാര്‍ എത്തി. ഒരു ലക്ഷത്തി നാല്‍പത്തയ്യായിരം രൂപയാണ്‌ ഏജന്റ്‌ ഈടാക്കിയത്‌. മാസം ചുരുങ്ങിയത്‌ പതിനയ്യായിരം രൂപ വരുമാനമാണ്‌ ഏജന്റ്‌ വാഗ്ദാനം ചെയ്തത്‌. ഇവിടെ ലഭിക്കുന്നത്‌ ഏഴായിരത്തഞ്ഞൂറു മുതല്‍ ഒന്‍പതിനായിരം വരെ മാത്രം! ചിലവു കഴിഞ്ഞാല്‍ ബാക്കി അയ്യായിരം- ആറായിരം വരെ മാത്രം. ആലോചിച്ചു നോക്കൂ, ഇവര്‍ക്ക്‌ വന്ന കടം വീടുവാന്‍ എത്രകാലം പിടിയ്ക്കും?

ഇവിടെ മരുഭൂമിയില്‍ ആടു മേയ്ക്കുന്ന മലയാളികള്‍ ഉണ്ട്‌. നൂറുമുതല്‍ അഞ്ഞൂറു വരെ ആടുകളുമായി കടല്‍ പോലെ കിടക്കുന്ന മരുഭൂമിയിലൂടെ പൊരിവെയിലത്ത്‌ നടക്കുന്ന ആ മനുഷ്യരെ നിങ്ങള്‍ക്കു സങ്കല്‍പ്പിക്കാന്‍ കഴിയില്ല!.
ഇക്കഴിഞ്ഞയിടെ ഒരു സംഭവം ഉണ്ടായി. വര്‍ഷങ്ങളോളം ആടുമേയ്ച്ച്‌ മരുഭൂമിയിലൂടെ നടക്കേണ്ടി വന്ന ഒരാള്‍ (മലയാളി-കൃഷ്ണന്‍) അവസാനം രക്ഷപെട്ട്‌ അല്‍-കോബാറിലെത്തി. വല്ലപ്പോഴും അരിയും വെള്ളവും കൊണ്ടുകൊടുക്കുന്ന സ്പോണ്‍സറല്ലാതെ മറ്റാരുമായും ബന്ധമില്ലാതെ അയാള്‍ മലയാളം തന്നെ മറന്ന അവസ്ഥയിലായിരുന്നു. പലപ്പോഴും ആടിനു സമാനമായ ശബ്ദമാണ്‌ അയാള്‍ പുറപ്പെടുവിച്ചിരുന്നത്‌! ശമ്പളം അയ്യായിരം രൂപയാണുണ്ടായിരുന്നത്‌!

ഇവിടെ അടുത്തു തന്നെ ഒരു സൂഖ്‌ (= ചന്ത) ഉണ്ട്‌. പുല്‍കട്ടകളും ആടിനു ഭക്ഷണമായ ഗോതമ്പും മറ്റുമാണ്‌ കച്ചവടം. ഇവിടെ മൂന്ന്‌ മലയാളികള്‍ ഉണ്ട്‌. ഒരാള്‍ നാട്ടില്‍ ബസ്‌ കണ്ടക്റ്ററായിരുന്നു. ഇവിടെ ജോലി പുല്‍കട്ടകളും ഗോതമ്പും ചുമക്കുക. ശമ്പളം എണ്ണായിരം രൂപയോളം. താമസം ട്രയിലറിനു കീഴേ. പൊരിവെയിലും കൊടുംതണുപ്പും സ്വന്തം. വിസ തുക ഒരു ലക്ഷം!ഞാനിക്കാര്യങ്ങള്‍ എഴുതിയത്‌, സാധാരണ ഗള്‍ഫ്‌ മലയാളിയുടെ അവസ്ഥ മനസ്സിലാക്കുവാന്‍ വേണ്ടിയാണ്‌. ശരാശരി ഗള്‍ഫുകാരന്റെ അവസ്ഥ ഇതു തന്നെയാണ്‌. (ചെറിയൊരു ന്യൂനപക്ഷത്തിന്‌ മാത്രമേ മാന്യമായ ശമ്പളവും സൗകര്യങ്ങളുമുള്ളൂ.)

അവര്‍ മൂന്നും നാലും വര്‍ഷങ്ങള്‍ കൂടുമ്പോഴാണ്‌ നാട്ടില്‍ പോകുന്നത്‌. അവരെയാണ്‌ നമ്മുടെ വിമാനകമ്പനികള്‍ കൊള്ളയടിക്കുന്നത്‌.നാലുമണിക്കൂര്‍ യാത്രയുള്ള മുംബായ്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1100-1200 റിയാല്‍. നാലര മണിക്കൂര്‍ യാത്രയുള്ള കോഴിക്കോട്‌-റിയാദ്‌ റിട്ടേണ്‍ ടിക്കറ്റ്‌ 1800-2600 റിയാല്‍!എന്താണിതിന്റെ ഗണിത യുക്തി? (ശരാശരി പ്രവാസിയുടെ ശമ്പളം 600-800 റിയാല്‍ മാത്രമാണ്‌.)


ഏറ്റവും പഴയ വിമാനങ്ങളാണ്‌ ഗള്‍ഫ്‌ സെക്റ്ററില്‍ സര്‍വീസ്‌ നടത്തുന്നത്‌. യാത്രക്കാരോട്‌ യാതൊരു മാന്യതയും കാണിക്കാത്തവരാണ്‌ സ്റ്റാഫുകളില്‍ അധികവും. ഓരോ യാത്രയിലും ഞാന്‍ ഇവരുടെ പെരുമാറ്റം നിരീക്ഷിക്കാറുണ്ട്‌. ഉത്തരേന്ത്യന്‍ തൈക്കിളവിമാരണ്‌ എയര്‍ഹോസ്റ്റസുകള്‍. കുഷ്ഠം പിടിച്ചവരോടെന്നപോലാണ്‌ പലരോടും ഇവരുടെ പെരുമാറ്റം. (വര്‍ഷങ്ങളോളം കാണാതിരുന്ന സ്വന്തം നാടിനെയും ബന്ധുക്കളെയും കാണാനുള്ള ആര്‍ത്തിയില്‍ പലപ്പോഴും വിദ്യാഭ്യാസം കുറഞ്ഞ യാത്രക്കാര്‍ തനി ബസ്‌ യാത്രപോലെ വിമാനയാത്രയും കരുതിപ്പോകും.)മലയാളിയായ വിദേശകാര്യമന്ത്രിയുണ്ട്‌, പ്രവാസികാര്യമന്ത്രിയുണ്ട്‌, സര്‍ക്കാരിനെ താങ്ങാന്‍ മുഴുവന്‍ എം.പി.മാരുമുണ്ട്‌. എന്തുകാര്യം? കോരനു കഞ്ഞി കുമ്പിളില്‍ തന്നെ. മറ്റു വിദേശ എയര്‍ലൈനുകള്‍ കൂടി ഈ മേഖലയില്‍ വന്നാല്‍ മാറ്റം വന്നേക്കും.ഏതായാലും വിമാനയാത്ര ഗള്‍ഫുകാരന്റെ ആഡംബരയാത്രയാണെന്നും മറ്റുമുള്ള "ഡെസ്പറേറ്റ്‌" ചിന്തകള്‍ മറ്റുള്ളവര്‍ക്കുണ്ടാകാതിരിക്കാന്‍ മുട്ടിപ്പായി പ്രാര്‍ത്ഥിക്കുന്നു.

ബിജുകുമാര്‍, കണ്ണൂര്‍സൗദി അറേബ്യ.

discussion topic message from mathrubhumi.com