ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Thursday, December 14, 2006

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍: കേരളം ലക്ഷ്യകേന്ദ്രമാകുന്നു

തിരുവനന്തപുരം: സ്വതന്ത്രസോഫ്റ്റ്‌വെയര്‍ കമ്പനികളുടെ ലക്ഷ്യകേന്ദ്രമായി കേരളം മാറുന്നു. ഇതിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ മുഖ്യമന്ത്രി വി.എസ്‌. അച്യുതാനന്ദന്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ രംഗത്തെ പ്രമുഖരായ 'റെഢാറ്റി'ന്റെ പ്രസിഡന്റും മാനേജിങ്‌ ഡയറക്ടറുമായ നന്ദു പ്രധാന്‍, ദക്ഷിണമേഖലാ മാനേജര്‍ ഭാസ്കര്‍ വര്‍മ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്കു മുന്നോടിയായി റെഢാറ്റ്‌ പ്രതിനിധികള്‍ ചൊവ്വാഴ്ച ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തിയിരുന്നു. വിദ്യാഭ്യാസ-വ്യവസായ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാമെന്നാണ്‌ റെഢാറ്റ്‌ സര്‍ക്കാരിനോടു വാഗ്ദാനം ചെയ്തിട്ടുള്ളത്‌. കേരളം ഈ മേഖലയ്ക്കു നല്‍കുന്ന പ്രോത്സാഹനം പരിഗണിച്ച്‌ ഗവേഷണാധിഷ്ഠിതമായ വികസനകേന്ദ്രം ഇവിടെ സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ ഗൗരവമായി ആലോചിച്ചു വരികയാണെന്ന്‌ നന്ദു പ്രധാന്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്‌ ചില വിഷയങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സാധ്യത റെഡ്‌ ഹാറ്റ്‌ ആരായും. ഇതു സംബന്ധിച്ച്‌ അവര്‍ വിദ്യാഭ്യാസമന്ത്രി എം.എ. ബേബിയുമായി ചര്‍ച്ച നടത്തും. കേരള സര്‍ക്കാര്‍ സ്ഥാപിക്കാനിരിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മികവുകേന്ദ്രത്തില്‍ റെഢാറ്റിന്‌ കൈകാര്യം ചെയ്യാനാവുന്ന കോഴ്‌സുകള്‍ അവരെ ഏല്‍പിക്കാമെന്ന വാഗ്ദാനം സര്‍ക്കാരും മുന്നോട്ടു വെച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ അടുത്ത ഒന്നരമാസത്തിനകം കര്‍മ പരിപാടി തയ്യാറാക്കും.
News from mathrubhumi.com

Monday, December 11, 2006

എന്‍.സി.പി യെ ഇടതുമുന്നണി പുറത്താക്കി

തിരുവനന്തപുരം: എന്‍.സി.പി. യെ ഇടതുമുന്നണിയില്‍ നിന്ന്‌ പുറത്താക്കി. തിങ്കളാഴ്ച തലസ്ഥാനത്ത്‌ ചേര്‍ന്ന എല്‍. ഡി. എഫ്‌ യോഗമാണ്‌ ഈ തീരുമാനമെടുത്തത്‌. തിങ്കളാഴ്ച രാവിലെ യോഗം ആരംഭിച്ചപ്പോള്‍ തന്നെ അജന്‍ഡയിലെ ആദ്യഇനമായി എന്‍.സി.പി.പ്രശ്നം ഉന്നയിക്കപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്ന സന്ദര്‍ഭത്തില്‍ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ ഇരിക്കുന്നത്‌ ശരിയല്ലെന്ന്‌ സി.പി.എം സിക്രട്ടറി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്‌ എന്‍.സി.പി പ്രതിനിധികള്‍ യോഗത്തില്‍ നിന്ന്‌ പുറത്തിറങ്ങി.യോഗം തുടര്‍ന്ന്‌ നടത്തിയ ചര്‍ച്ചയിലാണ്‌ എന്‍.സി. പി യെ മുന്നണിയില്‍ നിന്ന്‌ പുറത്താക്കാനുള്ള തീരുമാനം എടുത്തത്‌.തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന്‌ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡി. ഐ.സി.യുമായി മുന്നണി ബന്ധം വേണ്ട എന്ന്‌ നേരത്തെ എടുത്ത തീരുമാനത്തിന്റെ തുടര്‍ച്ചയാണ്‌ ഈ തീരുമാനമെന്ന്‌ വൈക്കം വിശ്വന്‍ വ്യക്തമാക്കി.സി.പി.എം കേന്ദ്രക്കമ്മിറ്റിയുടെ വ്യക്തമായ നിര്‍ദ്ദേശപ്രകാരമാണ്‌ ഈ തീരുമാനമെന്ന്‌ രാഷ്ട്രീയവൃത്തങ്ങള്‍ കരുതുന്നു. സി.പി.എമ്മിലെ വി.എസ്‌.പക്ഷത്തിന്റെയും ഘടകകക്ഷിയായ സി.പി. ഐ.യുടെയും വിജയമാണ്‌ ഈ തീരുമാനമെന്നും വിലയിരുത്തപ്പെടുന്നു.എന്‍.സി.പി നേതൃത്വം രൂക്ഷമായാണ്‌ തീരുമാനത്തോട്‌ പ്രതികരിച്ചത്‌. തിരുവമ്പാടി തിരഞ്ഞെടുപ്പില്‍ സഹായം തേടിയ ശേഷം എടുത്ത തീരുമാനം വഞ്ചനാപരമായെന്ന്‌ അവര്‍ ആക്ഷേപിച്ചു.
News from mathrubhumi.com