ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Sunday, February 04, 2007

സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു

തിരുവനന്തപുരം: കേരളത്തിലെ ഐ.ടി.വികസന രംഗത്ത്‌ വന്‍ കുതിപ്പാവുമെന്ന്‌ കരുതപ്പെടുന്ന കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ ദുബായ്‌ കമ്പനിയായ ടീകോം അംഗീകരിക്കാന്‍ തയ്യാറായതിനെത്തുടര്‍ന്നാണിത്‌. ബുധനാഴ്ച തിരുവനന്തപുരത്ത്‌ നടക്കുന്ന ചര്‍ച്ചകളില്‍ കരാര്‍ സംബന്ധിച്ച്‌ തീരുമാനമാകും. എത്രയും പെട്ടെന്ന്‌ കരാര്‍ ഒപ്പിട്ട്‌ പണി തുടങ്ങണമെന്ന നിലപാടാണ്‌ ഇരുപക്ഷത്തിനുമുള്ളത്‌.

കരാറിന്റെ ഭാഗമായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മുന്നോട്ടുവെച്ച വ്യവസ്ഥകള്‍ മുഴുവന്‍ പൊളിച്ചെഴുതിക്കൊണ്ടാണ്‌ പുതിയ ധാരണാപത്രം തയ്യാറായിട്ടുള്ളത്‌. പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ വി.എസ്‌.അച്യുതാനന്ദന്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹം പ്രാവര്‍ത്തികമാക്കി. തന്നെ 'വികസന വിരോധി' എന്ന്‌ വിളിച്ചവര്‍ക്കുള്ള മറുപടിയാണ്‌ സ്മാര്‍ട്ട്‌ സിറ്റിയിലൂടെ വി.എസ്‌.നല്‍കുന്നത്‌. കേരളത്തിനുണ്ടാകുമായിരുന്ന കോടികളുടെ നഷ്ടം ടീകോമിനെ വരുതിയിലാക്കുക വഴി മുഖ്യമന്ത്രി ഒഴിവാക്കിയെന്ന അഭിപ്രായവും ഐ.ടി. രംഗത്തെ പ്രമുഖര്‍ പ്രകടിപ്പിച്ചിട്ടുണ്ട്‌.

കാക്കനാട്ടെ ഇന്‍ഫോപാര്‍ക്ക്‌ വിട്ടുകൊടുക്കാം, മേഖലയില്‍ കുത്തകാവകാശം നല്‍കാം തുടങ്ങിയ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ചാണ്‌ ടീകോമിനെ യു.ഡി.എഫ്‌. കേരളത്തിലേക്ക്‌ ക്ഷണിച്ചത്‌. എന്നാല്‍, പുതിയ ധാരണയനുസരിച്ച്‌ ടീകോമിന്‌ ഇന്‍ഫോപാര്‍ക്കും കുത്തകാവകാശവും ലഭിക്കില്ല. ഇന്‍ഫോപാര്‍ക്കിന്റെ വില ഒമ്പത്‌ ശതമാനം ഓഹരിയാക്കി നല്‍കാമെന്നാണ്‌ കഴിഞ്ഞ സര്‍ക്കാരിനോട്‌ ടീകോം പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഇന്‍ഫോപാര്‍ക്ക്‌ നല്‍കാതെ തന്നെ ഓഹരി പങ്കാളിത്തം 26 ശതമാനമായി ഉയര്‍ന്നു.

സ്മാര്‍ട്ട്‌ സിറ്റിയിലെ ഓഹരി പങ്കാളിത്തം, ഭൂമിയുടെ വില തുടങ്ങിയവ സംബന്ധിച്ച ഭിന്നതയാണ്‌ ധാരണയ്ക്ക്‌ ഇത്രയും കാലം തടസ്സമായിരുന്നത്‌. ഒമ്പത്‌ ശതമാനം ഓഹരിയേ നല്‍കാനാവൂ എന്ന്‌ ടീകോം പറഞ്ഞപ്പോള്‍ 26 ശതമാനം കിട്ടിയേ മതിയാകൂ എന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നു. കരാര്‍ ഒപ്പിടുമ്പോള്‍ 16 ശതമാനവും അഞ്ചുവര്‍ഷത്തിനുശേഷം ബാക്കി 10 ശതമാനവും ഓഹരി സര്‍ക്കാരിന്‌ നല്‍കാമെന്ന്‌ ടീകോം സമ്മതിച്ചതോടെ മഞ്ഞുരുകി. ടീകോമിന്‌ നല്‍കുന്ന 246 ഏക്കര്‍ ഭൂമിയുടെ വിലയായി യു.ഡി.എഫ്‌. 26 കോടി നിശ്ചയിച്ചിരുന്നത്‌ ഇപ്പോള്‍ 104 കോടിയായി. ഭൂമി വിലയായി സര്‍ക്കാര്‍ 81 കോടിയാണ്‌ ആദ്യം ആവശ്യപ്പെട്ടത്‌. ഭൂമി ഏറ്റെടുക്കല്‍ വേളയില്‍ ആദ്യം പ്രതീക്ഷിച്ചിരുന്നതിലും 13 കോടി രൂപ അധികം ചെലവായതിനെ തുടര്‍ന്ന്‌ സര്‍ക്കാര്‍ വില 130 കോടിയാക്കി ഉയര്‍ത്തി. ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയ്യാറായതിനെ തുടര്‍ന്ന്‌ ഒടുവില്‍ 104 കോടി എന്ന സംഖ്യ ഉരുത്തിരിഞ്ഞു.

സ്മാര്‍ട്ട്‌ സിറ്റിയില്‍ നേരത്തെ 33,000 പേര്‍ക്ക്‌ തൊഴില്‍ നല്‍കാമെന്നും ടീകോം സമ്മതിച്ചിരുന്നത്‌ ഇപ്പോള്‍ 90,000 ആയി വര്‍ദ്ധിച്ചു. പത്ത്‌ വര്‍ഷത്തിനകം രൂപരേഖ പ്രകാരം 88 ലക്ഷം ചതുരശ്രയടിയില്‍ പണി പൂര്‍ത്തിയാക്കിയില്ലെങ്കില്‍ സ്മാര്‍ട്ട്‌ സിറ്റി സര്‍ക്കാര്‍ ഏറ്റെടുക്കും. മുന്‍ കരാറില്‍ 20 ലക്ഷം ചതുരശ്രയടിയിലെങ്കിലും പണി പൂര്‍ത്തിയാക്കണം എന്നായിരുന്നു വ്യവസ്ഥ.സര്‍ക്കാര്‍ നല്‍കുന്ന ഭൂമിയുടെ 70 ശതമാനവും ഐ.ടി. അനുബന്ധ സേവനങ്ങള്‍ക്കായി വിനിയോഗിക്കണം എന്ന നിബന്ധനയും പുതിയ കരാറിലുണ്ട്‌.

സ്മാര്‍ട്ട്‌ സിറ്റിക്കായി മറ്റ്‌ കമ്പനികളുമായി മത്സരിക്കേണ്ടിവരുന്ന അവസ്ഥ സംജാതമായതാണ്‌ ടീകോമിനെ വരച്ച വരയില്‍ നിര്‍ത്താന്‍ സര്‍ക്കാരിനെ സഹായിച്ചത്‌. ദുബായില്‍ നിന്ന്‌ തന്നെയുള്ള എമാര്‍, സിംഗപ്പൂരിലെ അസെന്‍ഡാസ്‌, ഇന്ത്യന്‍ കമ്പനിയായ ലാര്‍സന്‍ ആന്‍ഡ്‌ ട്യൂബ്രോ, ഇന്‍ഫോടെക്‌ എന്നിവ പദ്ധതിക്കായി ശക്തമായി രംഗത്തുണ്ടായിരുന്നു. ഈ കമ്പനികളെ കേരളത്തിന്റെ മറ്റ്‌ ഭാഗങ്ങളിലെ ഐ.ടി. വികസനത്തിന്‌ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുകയാണ്‌.

വി.എസ്‌.ശ്യാംലാല്‍

News from mathrubhumi.com

8 Comments:

Blogger ചര്‍ച്ചാവേദി said...

"സ്മാര്‍ട്ട്‌ സിറ്റി യാഥാര്‍ഥ്യമാകുന്നു" താങ്കളുടെ അഭിപ്രായങ്ങളും ആശങ്കകളും പങ്കുവെയ്ക്കുക.

11:09 PM, February 04, 2007  
Blogger കിരണ്‍ തോമസ് said...

എന്തൊക്കേയായിരുന്നു ഡിമാന്റുകള്‍. ആലപ്പുഴ മുതല്‍ കോഴിക്കോടു വരെ സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വേറെ സ്ഥാപനങ്ങള്‍ പാടില്ല. ഇന്‍ഫൊ പാര്‍ക്ക്‌ വേണം. ഇല്ലെങ്കില്‍ ആന്ദ്രയിലേക്ക്‌ പോകും.

12:39 AM, February 05, 2007  
Blogger സജിത്ത്|Sajith VK said...

ഇന്നീകാണുന്നതുള്‍പ്പെടെ, മാധ്യമങ്ങളില്‍ വന്ന മിക്ക വാര്‍ത്തകളും സൃഷ്ടിക്കപ്പെട്ടതാണ്. ഇന്നത്തെ പത്രത്തില്‍ ഇങ്ങനെ ഒരു വാര്‍ത്ത വരണമെന്ന് ഇന്നലെ ഇതുമായി ബന്ധപ്പെട്ട ആരൊക്കെയോ പ്ലാന്‍ ചെയ്തു എന്ന് മാത്രമാണി വാര്‍ത്തയുടെ അര്‍ഥം. അതുപോലെ, സ്മാര്‍ട് സിറ്റി നഷ്ടപ്പെടാന്‍ പോകുന്നു, ബംഗാള്‍ സര്‍ക്കാര്‍ ടീകോമുവായി ചര്‍ച്ച നടത്തുന്നു എന്നൊക്കെ വായിക്കുമ്പോള്‍ സ്ഥാപിത താല്പര്യക്കാര്‍(ടീകോം ഉള്‍പ്പെടെ) സര്‍ക്കാരിനെ സമ്മര്‍ദ്ദതത്തിലാക്കാന്‍ ബോധപൂര്‍വ്വം വാര്‍ത്തചമക്കുന്നു എന്ന് മാത്രമാണര്‍ഥം.. സര്‍ക്കാര്‍ മറ്റുകമ്പിനികളുമായി ചര്‍ച്ചനടത്തുന്നു എന്ന വാര്‍ത്തകണ്ടാല്‍ അത് സര്‍ക്കാരിന്റെ മറുതന്ത്രം മാത്രം.... വാര്‍ത്തകള്‍ ഉണ്ടാകുകയല്ല, ഉണ്ടാക്കുകയാണ്....
ഏതായാലും ഇടതുപക്ഷത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് ഫലമുണ്ടാകൂന്നു എന്ന് വ്യക്തം. ഈ മാധ്യമക്കുട്ടങ്ങള്‍ തങ്ങള്‍ പണ്ടുനല്‍കിയ വാര്‍ത്തകള്‍ ഒരിക്കല്‍ക്കൂടി വായിച്ചുനോക്കിയിരുന്നെങ്കില്‍...
സ്ഥാപിത താല്പര്യക്കാര്‍ മാധ്യമങ്ങളുമായി ചേര്‍ന്ന് നടത്തുന്ന സമ്മര്‍ദ്ദതന്ത്രങ്ങളില്‍ നാം പലപ്പോഴും അടിപ്പെട്ടുപോകാറുണ്ട്, അതിന്റെ പേരില്‍ ഉറഞ്ഞുതുള്ളാറുമുണ്ട്... ചോംസ്കി പറഞ്ഞപോലെ, മാനുഫാക്ചറിംഗ് കണ്‍സെന്റ്....

1:33 AM, February 05, 2007  
Blogger ദില്‍ബാസുരന്‍ said...

നടന്നാല്‍ നടന്നു.. അത്രേ പറയാന്‍ പറ്റൂ.

5:15 AM, February 05, 2007  
Blogger sandoz said...

സമയബന്ധിതമായി കാര്യങ്ങള്‍ നടക്കുക ആണെങ്കില്‍ അത്‌ ഇടത്‌ പക്ഷത്തിന്റെ രാഷ്ട്രീയ വിജയമായി തന്നെ കാണേണ്ടതാണു.

വികസന വിരോധി എന്ന വിളിച്ചവര്‍ക്ക്‌ നേരേ ഒരു ചോദ്യമെങ്കിലും ഉയര്‍ത്താന്‍ വി.എസിനു സാധിച്ചിരിക്കുന്നു.

5:02 AM, February 06, 2007  
Blogger remya mohan said...

നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ ഫ്രീ സോഫ്റ്റ്‌വെയര്‍,നവംബര്‍ 15,16,കൊച്ചിന്‍ യുനിവേഴ്സിടി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, കൊച്ചി.
രജിസ്റ്റ്രഷന്‍ ആരമ്ഭിചു
ഈ ലിങ്ക് സന്ദര്ഷിക്കുക
http://nfm2008.atps.in/

3:38 AM, October 20, 2008  
Blogger ila said...

This comment has been removed by the author.

11:03 PM, November 04, 2008  
Blogger ila said...

സുഹൃത്തേ,

മുഖ്യധാരാ മാധ്യമങ്ങളുടെ കുത്തൊഴുക്കുകളില്‍ നിന്നൊഴിഞ്ഞ് സാധാരണക്കാരന്റെ എഴുത്തിനും സാമൂഹ്യബോധത്തിനും പുതിയൊരു സമാന്തരവേദിയൊരുക്കുക എന്ന ആശയമാണ് " ഇല"​ എന്ന പബ്ലിക്ക് മീഡിയാ പോര്‍ട്ടലിന് രൂപം കൊടുത്തിരിക്കുന്നത് . സ്പേസും(സൊസൈറ്റി ഫോര്‍ പ്രമോഷന്‍ ഓഫ് ആള്‍ട്ടര്‍നേറ്റീവ് കമ്പ്യൂട്ടിംഗ് ആന്റ് എംപ്ലോയ്​മെന്റ്) മീഡിയാക്റ്റും സ്ക്കൂള്‍ ഓഫ് മീഡിയ സ്റ്റഡീസുമാണ് ഇലയ്ക്ക് പിന്നില്‍ കൈകോര്‍ക്കുന്നത്.തെരഞ്ഞെടുക്കപ്പെട്ട ബ്ലോഗുകളില്‍ നിന്നുള്ള ലേഖനങ്ങളാവും ഇതിന്റെ മുഖ്യ ഘടകം. വ്യക്തികള്‍ക്ക് നേരിട്ട് ലേഖനങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാണ്. താങ്കളുടെ ബ്ലോഗില്‍ നിന്നുള്ള ലേഖനങ്ങളും ഇലയില്‍ ഉള്‍​ക്കൊള്ളിക്കാന്‍ താത്പര്യപ്പെടുന്നു. അതു കൂടാതെ പോര്‍ട്ടലിന്റെ എഡിറ്റോറിയല്‍ ജോലികളിലും താങ്കള്‍ക്ക് സഹകരിക്കാവുന്നതാണ്.

തീര്‍ച്ചയായും മറുപടി അയക്കുമല്ലോ.

ila4all@gmail.com

11:08 PM, November 04, 2008  

Post a Comment

<< Home