ചര്‍ച്ചാവേദി

കമന്റുകളുടെ രൂപത്തില്‍ ചര്‍ച്ചയാവാം എന്നു കരുതി തുടങ്ങിയ ഒരു ബ്ലോഗ്‌. എല്ലാവര്‍ക്കും സ്വാഗതം

Tuesday, January 30, 2007

വിന്‍ഡോസ്‌ വിസ്‌താ വിപണിയില്‍

ന്യൂയോര്‍ക്ക്‌: കാത്തിരിപ്പുകള്‍ക്ക്‌ വിരാമമിട്ട്‌ മൈക്രോസോഫ്റ്റിന്റെ പുതിയ ഒാ‍പ്പറേറ്റിങ്‌ സിറ്റം വിന്‍ഡോസ്‌ വിസ്‌താ പൊതു വിപണിയിലെത്തി. മൈക്രോസോഫ്റ്റ്‌ സ്ഥാപകന്‍ ബില്‍ ഗേറ്റ്സാണ്‌ തിങ്കളാഴ്ച പുതിയ പതിപ്പ്‌ പ്രകാശനം ചെയ്‌തത്‌. ഇന്ന്‌ മുതല്‍ ലോകത്തെ വിവിധ വിപണികളില്‍ വിസ്‌താ ലഭ്യമാവുംവിന്‍ഡോസ്‌ എക്സ്‌ പി ഇറങ്ങി അഞ്ചു വര്‍ഷത്തിനു ശേഷമാണ്‌ വിന്‍ഡോസിന്റെ പുതിയ പതിപ്പ്‌ എത്തുന്നത്‌. എക്സ്‌ പിയെക്കാള്‍ മികച്ച സുരക്ഷാ സംവിധാനങ്ങളും സെര്‍ച്ച്‌ സൗകര്യങ്ങളുമുണ്ട്‌ വിസ്‌തയില്‍. ഡിസ്പ്ലേയിലെ ത്രീ ഡി ഗ്രാഫിക്സ്‌ കാഴ്ചയാണ്‌ മറ്റൊരു ആകര്‍ഷണീയത. 10,000 രൂപയാണ്‌ വിസ്‌തയുടെ വില. എന്നാല്‍ എക്സ്പിയില്‍ നിന്ന്‌ അപ്ഡേറ്റ്‌ ചെയ്യാനാണെങ്കില്‍ 6,500 രൂപയേ ആകൂ. 2008 ഓടെ ലോകത്തുള്ള 50 ശതമാനം കംപ്യൂട്ടറുകളും വിസ്‌തയിലേക്ക്‌ മാറും എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. എക്സ്പിയില്‍ നിന്നു വിസ്‌തയിലേക്കു മാറുന്നതിന്‌ കംപ്യൂട്ടറിന്റെ ശേഷി വര്‍ധിപ്പിക്കേണ്ടി വരും.

News from http://www.manoramaonline.com/

Wednesday, January 10, 2007

വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ വിമര്‍ശം

കോഴിക്കോട്‌: രാഷ്ട്രീയത്തില്‍ 'ആള്‍ ദൈവങ്ങള്‍' ഉണ്ടാകുന്നതിനെതിരെ സാംസ്കാരിക വിമര്‍ശകനും സി.പി.എം. അംഗവുമായ കെ.ഇ.എന്‍.കുഞ്ഞഹമ്മദ്‌ നടത്തിയ വിമര്‍ശനം വിവാദമാകാനിട. 'മാതൃഭൂമി ആഴ്ചപ്പതിപ്പി'ന്റെ പുതിയ ലക്കത്തില്‍ എഴുതിയ ലേഖനത്തിലാണ്‌ വ്യക്തിപൂജയ്ക്കെതിരെ, കെ.ഇ.എന്‍.അഭിപ്രായ പ്രകടനം നടത്തിയിട്ടുള്ളത്‌. 'രാഷ്ട്രീയത്തില്‍ ആള്‍ ദൈവങ്ങള്‍ ഉണ്ടാവുന്നത്‌' എന്ന ലേഖനത്തില്‍ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്റെ പേരെടുത്തു പറഞ്ഞ്‌ വിമര്‍ശിക്കുന്നില്ലെങ്കിലും വ്യക്തിപൂജയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍, വി.എസ്സിന്റെ നേര്‍ക്കാണ്‌ ചെല്ലുന്നതെന്ന്‌ പാര്‍ട്ടിയിലെ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ വ്യക്തമാകുന്നു. വി.എസ്‌. ആള്‍ദൈവമാകുന്നുവെന്ന്‌ പറയാതെ തന്നെ അദ്ദേഹം പറയുന്നു. അതേസമയം, വ്യക്ത്യാരാധന വളര്‍ത്തുന്നത്‌ മാധ്യമങ്ങളാണെന്നും ഇത്‌ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ ക്ഷീണിപ്പിക്കുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണെന്നും കെ.ഇ.എന്‍. ലേഖനത്തില്‍ പറയുന്നു. വ്യക്തിപൂജ വളര്‍ത്തി, അരാഷ്ട്രീയതയിലേക്ക്‌ കൊണ്ടുചെന്നെത്തിച്ച്‌ പ്രസ്ഥാനത്തെ തളര്‍ത്തുകയാണ്‌ ഉന്നം. "കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയെയും തൊഴിലാളി പ്രസ്ഥാനങ്ങളെയും തകര്‍ക്കുന്നത്‌ വ്യവസ്ഥാ സംരക്ഷണം ലക്ഷ്യം വെക്കുന്ന മാധ്യമങ്ങളുടെ മുഖ്യ ചുമതലയാണ്‌". സി.പി.എമ്മിനെ ഔദ്യോഗിക പാര്‍ട്ടി, അനൗദ്യോഗിക പാര്‍ട്ടി എന്ന്‌ രണ്ടായി കണ്ട്‌ , ഇതിന്റെ മറവില്‍ പാര്‍ട്ടി രഹിത നേതൃത്വം എന്ന സങ്കല്‍പം തന്നെ ഉണ്ടാക്കിയെടുക്കുകയാണ്‌ മാധ്യമങ്ങളുടെ ഉന്നം എന്നാണ്‌ അദ്ദേഹത്തിന്റെ പക്ഷം. കമ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കെതിരെ വി.എസ്സിനെ തന്നെ കുന്തമുനയാക്കാമെന്ന മോഹ ചിന്തയാണ്‌ മാധ്യമങ്ങളെ നയിക്കുന്നതെന്ന്‌ അദ്ദേഹത്തിന്‌ അഭിപ്രായമുണ്ട്‌. മാര്‍ക്സ്‌, എംഗല്‍സ്‌, ലെനിന്‍ തുടങ്ങിയവര്‍ വ്യക്തിപൂജയെ വിമര്‍ശിക്കുകയും നിരാകരിക്കുകയും ചെയ്തിട്ടുണ്ടെന്ന്‌ കെ.ഇ.എന്‍. പറയുന്നു. സ്റ്റാലിന്‍ പോലും ഇത്‌ തള്ളിക്കളഞ്ഞിട്ടുള്ളതാണ്‌. "സംഘടനയുടെ ന്യൂക്ലിയസ്സായി വളര്‍ന്ന വ്യക്തികള്‍ സ്വന്തം ഉത്ഭവം മറക്കുമ്പോഴാണ്‌ മറ്റുള്ളവര്‍ക്ക്‌ ആള്‍ ദൈവമാക്കി കെട്ടിയെഴുന്നള്ളിക്കാന്‍ പാകത്തിലുള്ള ഒരസംസ്കൃത പദാര്‍ഥമായി അവര്‍ സങ്കോചിക്കുന്നത്‌"- കെ.ഇ.എന്‍. എഴുതുന്നു. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സെക്രട്ടറിയും കേരള സാഹിത്യ അക്കാദമി നിര്‍വാഹകസമിതി അംഗവുമാണ്‌ കെ.ഇ.എന്‍. സി.പി.എമ്മിന്റെ നിലപാടുകള്‍ക്കെതിരെ പ്രൊഫ. എം.എന്‍.വിജയനെപ്പോലുള്ളവര്‍ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടിയില്‍ നിന്ന്‌ അകന്നപ്പോള്‍, മറുപക്ഷത്തായിരുന്നു കെ.ഇ.എന്‍. മാര്‍ക്സിയന്‍ നിലപാടിലുള്ള വിമര്‍ശനം മാത്രമേ താന്‍ നടത്തിയിട്ടുള്ളൂവെന്നും ഇതില്‍ വിവാദമുണ്ടാകേണ്ട കാര്യമില്ലെന്നും കെ.ഇ.എന്‍. 'മാതൃഭൂമി'യോടു പറഞ്ഞു.
News from mathrubhumi.com